ഡൽഹി : പാര്‍ലമെന്റില്‍ അവതരിപ്പിച്ച വനിതാ സംവരണ ബില്ലിനോടുള്ള സമീപനം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുസ്ലിം ലീഗ് എംപി ഇടി മുഹമ്മദ് ബഷീര്‍.ബില്ല് കൊണ്ടുവന്ന രീതിയോട് എതിര്‍പ്പുണ്ടെന്ന് ഇടി മുഹമ്മദ് ബഷീര്‍ പ്രതികരിച്ചു. ബില്ല് കൊണ്ടുവന്നത് പ്രാകൃതമായ രീതിയിലാണ്. നിസാരമായാണ് ബില്ല് അവതരിപ്പിച്ചത്. പ്രാധാന്യമുള്ള ബില്ല് സഭയില്‍ വിതരണം ചെയ്യണം. വിതരണം ചെയ്യാത്ത ബില്ല് അവതരിപ്പിച്ചത് തെറ്റാണ്. ബില്ലിനോട് എടുക്കേണ്ട നിലപാട് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ഘടകകക്ഷികളോട് കൂടിയാലോചന ചെയ്ത് തീരുമാനിക്കുമെന്നും എംപി പറഞ്ഞു.
വനിതാ സംവരണ ബില്‍ അവതരിപ്പിക്കുന്നതിനിടയില്‍ ലോക്സഭയില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. അംഗങ്ങള്‍ക്ക് ബില്ലിൻ്റെ പകര്‍പ്പ് നല്‍കാത്തതിലായിരുന്നു സഭയില്‍ പ്രതിപക്ഷ പ്രതിഷേധം. സര്‍ക്കാര്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ബില്‍ പാസാക്കിയെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ബില്ലിനെ കുറിച്ച് അമിത് ഷായും, അധിര്‍ രഞ്ജൻ ചൗധരിയും തമ്മില്‍ വാക്കേറ്റമുണ്ടായി. എന്നാല്‍ 2014ല്‍ ബില്‍ അസാധുവായെന്ന് അമിത് ഷാ പറഞ്ഞു.പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഇന്നത്തേക്ക് ലോക്സഭ പിരിഞ്ഞു. നാളെ 11 മണിക്ക് വീണ്ടും ചേരും.