തിരുവനന്തപുരം: രക്തസാക്ഷി ഫണ്ട് മുക്കിയെന്ന പരാതിയിൽ സിപിഎം നേതാവിനെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തു. തിരുവനന്തപുരം വഞ്ചിയൂർ ഏരിയാ കമ്മിറ്റി അംഗമായ ടി രവീന്ദ്രൻ നായരെയാണ് പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തത്. അന്വേഷണ വിധേയമായാണ് പാർട്ടി സസ്പെൻഷൻ. കഴിഞ്ഞ ആഴ്ച ചേർന്ന വഞ്ചിയൂർ ഏരിയാ കമ്മിറ്റിയുടേതാണ് തീരുമാനം.
സിപിഐഎം അംഗവും പ്രാദേശിക ഡിവെെഎഫ്ഐ നേതാവുമായിരുന്ന വിഷ്ണു 2008 ഏപ്രിലിലാണ് കൊല്ലപ്പെടുന്നത്. അന്ന് പിരിച്ച രക്തസാക്ഷി ഫണ്ടിൽ കേസ് നടത്തിപ്പിനായി ലോക്കൽ സെക്രട്ടറിയായിരുന്ന രവീന്ദ്രൻ നായരെ ഏൽപ്പിച്ച തുക മുക്കിയെന്നാണ് ആരോപണം. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ എന്നിവർ പങ്കെടുത്ത കമ്മിറ്റിയിലായിരുന്നു നടപടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സിപിഐഎം പ്രവർത്തകർ പ്രതികളായ മറ്റൊരു കൊലപാതക കേസ് നടത്തിപ്പിന് പണമില്ലാതായതോടെയാണ് തട്ടിപ്പ് പുറത്തായത്. 6 ലക്ഷം രൂപ രവീന്ദ്രൻ നായർ കൈതമുക്കിലെ സഹകരണ സംഘത്തിന്റെ സ്വന്തം അക്കൗണ്ടിലേക്ക് വകമാറ്റിയെന്നാണ് പരാതി. കുടുംബവും പ്രാദേശിക പാർട്ടി നേതൃത്വവും നൽകിയ പരാതിയിൽ ജില്ലാ സെക്രട്ടറി വി ജോയി ആണ് അന്വേഷണം നടത്തുന്നത്. പാർട്ടിയിൽ നിന്ന് പുറത്താക്കാതിരിക്കാൻ രവീന്ദ്രൻ നായർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്. സി ഐ ടി യു ഏരിയാ സെക്രട്ടറി കൂടിയാണ് ആരോപണ വിധേയനായ നേതാവ്.
വിഷ്ണു വധക്കേസിൽ കുറ്റാരോപിതരായ 13 ആർഎസ്എസ് പ്രവർത്തകരെയും കോടതി വെറുതെ വിട്ടിരുന്നു. കീഴ്ക്കോടതിയുടെ ശിക്ഷാ വിധി ചോദ്യം ചെയ്ത് പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതിയാണ് 13 പേരെയും കുറ്റവിമുക്തരാക്കിയത്. സർക്കാർ വിധിക്കെതിരെ അപ്പീൽ സമർപ്പിച്ചിട്ടും ഫലമുണ്ടായില്ല.