ഓണാഘോഷം:വര്‍ക്കല എസ്.എന്‍ കോളജ് മാനേജ്മെന്റും വിദ്യാര്‍ത്ഥികളും തമ്മിലുണ്ടായ തര്‍ക്കം പൊലീസ് ഇടപെട്ട് പരിഹരിച്ചു

തിരുവനന്തപുരം: ഓണാഘോഷം നടത്തുന്നതിനെ ചൊല്ലി വര്‍ക്കല എസ്.എന്‍ കോളജിലെ മാനേജ്മെന്‍്റും വിദ്യാര്‍ത്ഥികളും തമ്മിലുണ്ടായ തര്‍ക്കം പൊലീസ് ഇടപെട്ട് പരിഹരിച്ചു.കോളേജിലെ ഈ വര്‍ഷത്തെ ഓണാഘോഷം ഡിപ്പാര്‍ട്ട്മെന്‍്റ് തലത്തില്‍ നടത്തിയാല്‍ മതിയെന്ന മാനേജ്മെന്‍്റ് തീരുമാനമാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. കോളേജിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കുമായി ഒന്നിച്ച്‌ ഓണാഘോഷ പരിപാടി വേണമെന്നും ശിങ്കാരിമേളം അടക്കം ഓണാഘോഷങ്ങളുടെ ഭാഗമാക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.എന്നാല്‍ ഈ ആവശ്യം കോളേജ് പ്രിന്‍സിപ്പല്‍ നിരസിച്ചു. ഇതോടെ വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ പ്രിന്‍സിപ്പലിനെ ഉപരോധിച്ചു. ഇതോടെ പൊലീസ് സ്ഥലത്ത് എത്തുകയും പ്രശ്നത്തില്‍ ഇടപെടുകയും ചെയ്തു. മാനേജ്മെന്റ് വിദ്യാര്‍ത്ഥികളുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് പോലീസ് അറിയിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ പിരിഞ്ഞു പോയി. എന്നാല്‍ പൊലീസ് നിര്‍ദേശ പ്രകാരം പിന്നീട് നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ നിന്നും പ്രിന്‍സിപ്പല്‍ പിന്മാറിയതോടെ കാര്യങ്ങള്‍ വീണ്ടും അനിശ്ചിതത്വത്തിലായി.പ്രകോപിതരായ വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിനെ തടഞ്ഞു വയ്ക്കുകയും ക്യാംപസിന്‍്റെ ഗേറ്റ് പൂട്ടുകയും ചെയ്തു. ഇതോടെ വര്‍ക്കല പൊലീസ് വീണ്ടും ക്യാംപസില്‍ എത്തുകയും കോളേജ് അധികൃതരുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ഒടുവില്‍ പുറത്തു നിന്നുള്ളവര്‍ക്ക് പകരം ക്യാംപസിലെ വിദ്യാര്‍ത്ഥികളെ വച്ചു തന്നെ ശിങ്കാരിമേളം നടത്തി ഓണമാഘോഷിക്കാന്‍ തീരുമാനമായി. ഉപാധികളോടെ ആവശ്യങ്ങള്‍ അംഗീകരിച്ചതോടെ വിദ്യാര്‍ത്ഥികളും സമരത്തില്‍ നിന്നും പിന്മാറി.

Advertisements

Hot Topics

Related Articles