ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വസീറാബാദില്‍ സിബിഐ ഉദ്യോഗസ്ഥരായി ചമഞ്ഞ് കുടുംബത്തെ ഭീഷണിപ്പെടുത്തി ആഭരണങ്ങളും പണവും തട്ടിയ കേസില്‍ മൂന്ന് പേർ അറസ്റ്റില്‍.ജൂലൈ പത്തിന് രാത്രിയിലാണ് രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമടങ്ങിയ സംഘം സിബിഐ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് വസീറാബാദിലെ ലേൻ നയൻ ഏരിയയിലെ വീട്ടിലേക്ക് അതിക്രമിച്ചുകടന്നത്. യഥാർഥ ഉദ്യോഗസ്ഥരാണെന്ന് തെളിയിക്കാനുള്ള രേഖകള്‍ വീട്ടുകാർ ആവശ്യപ്പെട്ടപ്പോള്‍ സംഘം ഭീഷണിപ്പെടുത്തുകയായിരുന്നു.
സ്വർണ്ണം, വെള്ളി ആഭരണങ്ങളും മൂന്ന് ലക്ഷം രൂപയും ഇവർ വീട്ടില്‍ നിന്നും തട്ടിയെടുത്തു. പണം പിടിച്ചെടുത്ത ഡോക്യുമെന്റ് കാണിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍, പ്രതികള്‍ റെജിസ്റ്ററില്‍ ഒപ്പിട്ടതുപോലെ കാണിച്ച് വീട്ടില്‍ നിന്നും ഇറങ്ങുകയായിരുന്നു. തട്ടിപ്പിനിരയായെന്ന് തിരിച്ചറിഞ്ഞ കുടുംബം പോലീസിനെ ബന്ധപ്പെടുകയായിരുന്നു. പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരെ കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്.