കോട്ടയം: പാമ്പ് കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന വാവസുരേഷിനെ ആശുപത്രിയിലെത്തി അഡ്വ. മോൻസ് ജോസഫ് എംഎൽഎ സന്ദർശിച്ചു. ഏതാനും ദിവസങ്ങൾ കൂടി ആശുപത്രിയിൽ ചികിത്സയിൽ കഴിയേണ്ടിവരുമെന്ന് വാവസുരേഷ് എംഎൽഎ യോട് പറഞ്ഞു. വിവിധ ആശുപത്രികളിൽ ഇതുവരെ ചികിത്സയ്ക്ക് പോകേണ്ടി വന്നിട്ടുണ്ടെങ്കിലും ഏറ്റവും നല്ല കരുതലും പരിചരണവും ലഭിച്ചത് കോട്ടയം മെഡിക്കൽ കോളേജിലാണെന്ന് വാവാസുരേഷ് സംതൃപ്തിയോടെ വ്യക്തമാക്കിയതായി മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു.
ഇതിനിടയിൽ വാവസുരേഷിന്റെ സഹോദരിയും കുടുംബാംഗങ്ങളും തിരുവനന്തപുരം കോർപ്പറേഷനിൽ നിന്ന് എത്തിയ വനിതാ കൗൺസിലറും രാവിലെ മുതൽ കോട്ടയം മെഡിക്കൽ കോളേജിൽ കാത്തുനിന്നിട്ടും വാവസുരേഷിനെ കാണാൻ അനുവദിക്കുന്നില്ലെന്ന പരാതിയുമായി ഏതാനും വനിതാ പ്രവർത്തകർ മോൻസ് ജോസഫ് എംഎൽഎ യെ സമീപിച്ചു. കല്ലറ ഗ്രാമ പഞ്ചായത്തിലെ വനിതാ മെമ്പറുടെ നേതൃത്വത്തിലാണ് എംഎൽഎയുടെ അടുത്ത് സങ്കടം അറിയിച്ചത്. എന്താണ് സംഭവിച്ചതെന്ന് എംഎൽഎ ആശുപത്രി അധികൃതരോട് അന്വേഷിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തീവ്രപരിചരണവിഭാഗത്തിൽ ആയതുകൊണ്ട് വാവസുരേഷിന്റെയും മറ്റു രോഗികളുടെയും ആരോഗ്യസുരക്ഷയെ കരുതിയാണ് സന്ദർശകരെ ഒഴിവാക്കിയിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഇക്കാര്യം വളരെ പ്രധാനപ്പെട്ടതാണെങ്കിലും തിരുവനന്തപുരത്ത് നിന്നും അതിരാവിലെ കാണാനെത്തിയ സഹോദരിയേയും സ്ഥലം കോർപ്പറേഷൻ വനിതാ കൗൺസിലറെയും വാവസുരേഷിന്റെ അടുത്ത് പോകാനുള്ള അനുമതി നൽകാൻ കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടിനോടും ഡെപ്യൂട്ടി സൂപ്രണ്ടിനോടും മോൻസ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു.
ഇക്കാര്യം പരിഗണിച്ച് ഉടൻതന്നെ പി.ആർ.ഒ യ്ക്ക് അറിയിപ്പ് വന്നു . ഇരുവരെയും വാവസുരേഷിനെ കാണാൻ അനുവദിച്ചു. ചികിത്സാ സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് സഹകരിക്കാൻ മറ്റു കുടുംബാംഗങ്ങളോട് എംഎൽഎ അഭ്യർത്ഥിച്ച് ശാന്തരാക്കുകയും ചെയ്ത ശേഷമാണ് കടുത്തുരുത്തി യിലേക്ക് മടങ്ങിയത്.കോട്ടയം മെഡിക്കൽ കോളേജ് ഗവേണിംഗ് കമ്മിറ്റി മെമ്പർ കെ പി പോളും എംഎൽഎ യോട് ഒപ്പമുണ്ടായിരുന്നു.