വെച്ചൂർ : ഷീറ്റ് മേഞ്ഞ വീട്ടിലേക്ക് പുളിമരം കടപുഴകി വീണ് വീട് തകർന്നു. വീട്ടിലുണ്ടായിരുന്ന വയോധിക ശബ്ദം കേട്ട് ഓടിമാറിയതിനാൽ പരിക്കേൽക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വെച്ചൂർ പഞ്ചായത്ത് രണ്ടാം വാർഡിലെ ചിരട്ടപ്പറമ്പ് ലക്ഷം വീട് കോളനിയിലെ ശാരദയുടെ വീടാണ് പുളിമരം വീണ് തകർന്നത്.
ഷീറ്റ് മേഞ്ഞ വീട് ഭാഗികമായി നശിച്ചതോടെ തനിച്ചു താമസിക്കുന്ന വീട്ടമ്മ ദുരിതത്തിലായി. ഭർത്താവ് കുമാരൻ രണ്ടു വർഷം മുമ്പ് മരിച്ചു. രണ്ടു പെൺ മക്കളേയും വിവാഹം കഴിച്ച് അയച്ചതോടെ ശാരദ തനിച്ചാണ് താമസം. കൂലിപണിയെടുത്ത് ഉപജീവനം നടത്തുന്ന ഇവർക്ക് സ്വന്തം നിലയ്ക്ക് വീട് നന്നാക്കാനാവില്ല. വാർഡ് മെമ്പർ ഗീതാസോമൻ , വില്ലേജ് അധികൃതർ എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.