ദില്ലി : കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആശാ വർക്കർമാരുടെ പ്രശ്നത്തിൽ റസിഡന്റ് കമ്മീഷണർ വഴി കേന്ദ്രമന്ത്രിക്ക് നിവേദനം നൽകി. കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാനെന്ന പേരിലാണ് മന്ത്രി വീണാ ജോര്‍ജ് ദില്ലിയിലെത്തിയത്.
കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി അയച്ച കത്ത് മന്ത്രി പുറത്ത് വിട്ടു. ആശ വർക്കർമാരുടെ ഇൻസെന്റീവ് വർധനയാണ് കൂടിക്കാഴ്ചയിലെ ആദ്യ അജണ്ടയായി കത്തിൽ പറയുന്നത്. 2023-24 വർഷത്തെ കുടിശ്ശിക നൽകണമെന്നാണ് രണ്ടാമത്തെ ആവശ്യം. കാസർഗോഡ്, വയനാട് മെഡിക്കൽ കോളേജുകളും കത്തിൽ പറയുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേ സമയം, വീണാ ജോര്‍ജ് ദില്ലിയിലെത്തിയത് ക്യൂബന്‍ ഉപപ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കെന്ന വിവരം ഇതിനോടകം പുറത്ത് വന്നിരുന്നു. ദില്ലി സന്ദർശനത്തിന്റെ കാരണം മറ്റൊന്നെങ്കിൽ എന്തിന് കേന്ദ്രമന്ത്രിയെ കാണാൻ പോകുന്നുവെന്ന് തങ്ങളെ അറിയിച്ചുവെന്നാണ് നിരാഹ സമരമിരിക്കുന്ന ആശാ വർക്കർമാരുടെ ചോദ്യം. ദില്ലി അശോക് ഹോട്ടലിലാണ് ക്യൂബ പ്രതിനിധി സംഘവുമായുള്ള കേരള മന്ത്രിമാരുടെ കൂടിക്കാഴ്ച്ച. ആരോഗ്യമന്ത്രി വീണ ജോർജ്, കായിക മന്ത്രി അബ്ദുറഹ്മാൻ എന്നിവർ പങ്കെടുക്കും.
ഓണറേറിയം വര്‍ധന അടക്കം ആവശ്യപ്പെട്ടാണ് സെക്രട്ടേറിയറ്റിന് മുന്നിൽ ആശാ വര്‍ക്കര്‍മാര്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയത്. 39 ദിവസമായി തുടരുന്ന രാപകൽ സമരത്തോട് സര്‍ക്കാര്‍ മുഖം തിരിച്ചതോടെയാണ് നിരാഹാര സമരം തുടങ്ങിയത്. രണ്ടുവട്ടം ആരോഗ്യമന്ത്രി ചര്‍ച്ച നടത്തിയിട്ടും ഓണറേറിയം 21,000 രൂപയാക്കണം വിരമിക്കൽ അനുകൂല്യമായി 5 ലക്ഷം നൽകണം തുടങ്ങിയ ആശമാരുടെ ആവശ്യത്തോട് അനുകൂല തീരുമാനമില്ല.
ഏറ്റവും ഒടുവിൽ ആശാ വർക്കർമാർക്ക് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്ത് യുഡിഎഫ് എംഎൽഎമാർ സമരപ്പന്തലിലെത്തി. നിയമസഭ ബഹിഷ്കരിച്ചാണ് യുഡിഎഫ് എംഎൽഎമാർക്കൊപ്പം നിരാഹാര സമരം നടത്തുന്ന ആശാ വർക്കർമാരുടെ സമരപ്പന്തലിലെത്തി പ്രതിപക്ഷ നേതാവ് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. സമരം തീർക്കാൻ മുഖ്യമന്ത്രി മുൻകൈ എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.