ഡല്‍ഹി: മദ്യനയക്കേസില്‍ ജാമ്യം ലഭിച്ച ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ എംപി സഞ്ജയ് സിംഗിന് പാര്‍ട്ടി ഓഫീസില്‍ വമ്പിച്ച സ്വീകരണമൊരുക്കി പ്രവര്‍ത്തകര്‍.ഡല്‍ഹി തിഹാര്‍ ജയിലില്‍ നിന്ന് ബുധനാഴ്ച വൈകുന്നേരമാണ് സഞ്ജയ് സിംഗ് പുറത്തിറങ്ങിയത്. ഡല്‍ഹി മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സഞ്ജയ് സിംഗിന് സുപ്രീം കോടതി ചൊവ്വാഴ്ച ജാമ്യം അനുവദിച്ചിരുന്നു.കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച സഞ്ജയ് സിംഗിനെ ഇന്നാണ് ഡിസ്ചാര്‍ജ് ചെയ്തത്. തിഹാര്‍ ജയിലിന് പുറത്ത് തന്റെ അനുയായികളെ അഭിസംബോധന ചെയ്ത് സംസാരിച്ച അദ്ദേഹം ബി ജെ പിയുടെ ഏകാധിപത്യം അവസാനിപ്പിക്കും എന്ന് പറഞ്ഞു. ‘ഞങ്ങളുടെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ അരവിന്ദ് കെജ്രിവാള്, സത്യേന്ദര്‍ ജെയിന്, മനീഷ് സിസോദിയ എന്നിവരെ ജയിലിനുള്ളിലാക്കിയിരിക്കുകയാണ്.അവര്‍ ജയിലിന്റെ പൂട്ടുകള്‍ പൊളിക്കുമെന്നും പുറത്തുവരുമെന്നും എനിക്ക് ഉറപ്പുണ്ട്,’ അദ്ദേഹം പറഞ്ഞു. ഇത് ആഘോഷിക്കേണ്ട സമയമല്ല എന്നും പോരാട്ടത്തിന്റെ സമയമാണ് എന്നും അദ്ദേഹം പറഞ്ഞു. അരവിന്ദ് കെജ്രിവാള് രാജിവെക്കില്ലെന്നും ഡല്‍ഹിയിലെ രണ്ട് കോടി ജനങ്ങള്‍ക്ക് വേണ്ടി അദ്ദേഹം പ്രവര്‍ത്തിക്കുമെന്നും സഞ്ജയ് കൂട്ടിച്ചേര്‍ത്തു. സഞ്ജയ് സിംഗ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയിലെത്തി ഭാര്യ സുനിത കെജ്രിവാളിനെ കാണുകയും ചെയ്തു.
അതേസമയം കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വേട്ടയാടുകയാണെന്ന് സഞ്ജയ് സിംഗ് പറഞ്ഞു. പ്രതിപക്ഷം ഒന്നിച്ച് പോരാടേണ്ട സമയമാണിത്. എല്ലാ പ്രതിപക്ഷ നേതാക്കളെയും ജയിലടക്കാനാണ് ശ്രമം. പ്രക്ഷോഭത്തില്‍ നിന്നാണ് ആം ആദ്മി പിറവി എടുത്തത് എന്ന് ഓര്‍ക്കണം എന്നും തങ്ങള്‍ ഒന്നിനെയും ഭയപ്പെടില്ലെന്നും സഞ്ജയ് സിംഗ് പറഞ്ഞു.’ഡല്‍ഹിയിലെ 2 കോടി ജനങ്ങള്‍ക്ക് നല്ല വിദ്യാഭ്യാസം നല്കി, സൗജന്യമായി വെള്ളം നല്കി എന്നതൊക്കെയാണ് തങ്ങളുടെ നേതാക്കള്‍ ചെയ്ത കുറ്റം. ആം ആദ്മി പാര്‍ട്ടിയുടെ ഓരോ പ്രവര്‍ത്തകരും, നേതാക്കളും, ഓരോ മന്ത്രിയും, എംഎല്‍എയും അവരുടെ നേതാവ് അരവിന്ദ് കെജ്രിവാളിനൊപ്പം അടിയുറച്ച് നില്ക്കും,’ സഞ്ജയ് സിംഗ് പറഞ്ഞു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സഞ്ജയ് സിംഗിന്റെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയതിന് ശേഷം 2023 ഒക്ടോബര്‍ 4 നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായി ആറ് മാസത്തിന് ശേഷമാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്.