വിലക്കുറവില്‍ വെളിച്ചെണ്ണ ലഭ്യമാക്കാന്‍ നടപടി : മന്ത്രി ജി ആര്‍ അനില്‍

കോന്നി :
വിലക്കുറവില്‍ വെളിച്ചെണ്ണ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. നവീകരിച്ച കോന്നി സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്ന് ഗുണമേന്മയുള്ള
വെൡച്ചെണ്ണ സപ്ലൈകോ വഴി ആവശ്യമെങ്കില്‍ ലഭ്യമാക്കും.
ഓണ വിപണിയിലെ വില നിയന്ത്രിക്കാന്‍ അരിയും മറ്റു ഉല്‍പന്നങ്ങളും സപ്ലൈകോ, റേഷന്‍ കടകളിലൂടെ കൂടുതല്‍ ലഭ്യമാക്കും. ഗ്രാമങ്ങളില്‍ സപ്ലൈകോയുടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കും. വിപണിയില്‍ ഇടപെടുന്ന പ്രസ്ഥാനമാണ് സപ്ലൈകോ. നാലു വര്‍ഷത്തിനിടെ 109 പുതിയ സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ തുറന്നു. 1700 ഓളം സൂപ്പര്‍മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 13 സബ്‌സിഡി ഉല്‍പന്നങ്ങള്‍ വിലമാറ്റമില്ലാതെ എട്ടുവര്‍ഷം വിതരണം ചെയ്യാന്‍ സാധിച്ചതും നേട്ടമാണ്. അതിവേഗതയിലാണ് കോന്നിയുടെ വികസനമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
കെ യു ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷനായി. കോന്നി വികസന പാതയിലാണ്. പുനലൂര്‍-മൂവാറ്റുപുഴ മലയോര ഹൈവേ, മെഡിക്കല്‍ കോളജ്, ജില്ലാ സ്ഥാപനങ്ങള്‍ എന്നിവ കോന്നിയുടെ മുഖഛായ മാറ്റിയതായി എംഎല്‍എ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് അംഗം റോബിന്‍ പീറ്റര്‍ ആദ്യ വില്‍പനന നടത്തി. ജില്ലാ സപ്ലൈ ഓഫീസര്‍ കെ ആര്‍ ജയശ്രീ, സപ്ലൈകോ റീജിയണല്‍ മാനേജര്‍ ബോബന്‍ കോട്ടയം എന്നിവര്‍ പങ്കെടുത്തു.

Advertisements

Hot Topics

Related Articles