ഭുവനേശ്വർ: ഒഡിഷയിലെ ദുഡുമ വെള്ളച്ചാട്ടത്തിന്റെ റീല്‍സ് ചിത്രീകരിക്കുന്നതിനിടയില്‍ യൂട്യൂബർ ഒഴുക്കില്‍പ്പെട്ടതായി വിവരം.ബെർഹാംപുർ സ്വദേശിയായ സാഗർ(22) ടുഡുവാണ് ഒഴുക്കില്‍പ്പെട്ടതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. യുവാവിനെ ഇനിയും കണ്ടെത്തനായിട്ടില്ലെന്നാണ് വിവരം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഡ്രോണ്‍ ക്യാമറ ഉപയോഗിച്ച് വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. തൻ്റെ യൂട്യൂബ് ചാനലിനായി വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ദൃശ്യങ്ങള്‍ പകർത്തുന്നതിന്റെ ഭാഗമായിട്ടാണ് ഒഡീഷയിലെ കോരാപുട്ട് ജില്ലയിലുള്ള ദുഡുമ വെള്ളച്ചാട്ടത്തിന് സമീപം സുഹൃത്തിനൊപ്പം യുവാവെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോരാപുട്ടിലെ ലാംതാപുട്ട് മേഖലയില്‍ കനത്ത മഴയായിരുന്നു അനുഭവപ്പെട്ടിരുന്നത്. ജലനിരപ്പ് ഉയർന്ന സാഹചര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയ ശേഷം മുച്കുണ്ഡ് ഡാം തുറന്ന് വെള്ളം തുറന്നുവിട്ടപ്പോള്‍ സാഗർ വെള്ളച്ചാട്ടത്തിന് സമീപത്തെ ഒരു പാറപ്പുറത്ത് നില്‍ക്കുകയായിരുന്നു. വെള്ളച്ചാട്ടത്തിലെ ഒഴുക്ക് പെട്ടെന്ന് വർധിച്ചതോടെ സാഗർ അവിടെ കുടുങ്ങിപ്പോയി. ശക്തമായ ഒഴുക്കില്‍ പാറയില്‍ അധികനേരം പിടിച്ചുനില്‍ക്കാനാവാതെ വന്നതോടെ യുവാവ് ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. വിനോദസഞ്ചാരികളും നാട്ടുകാരും ചേർന്ന് ഇയാളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. വിവരമറിഞ്ഞ് പോലീസും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു. യുവാവിനെ ഇനിയും കണ്ടെത്താനായിട്ടില്ല.