വെള്ളൂർ: പടിഞ്ഞാറ്റുകാവിന് സമീപം കുടുംബശ്രീ ഓഫീസിനു മുന്നിൽ ഇന്നലെ പുലർച്ചെ സംശയാസ്പദമായി കണ്ട തമിഴ്നാട് സ്വദേശിയെ പോലീസിനു കൈമാറി. വഴിയോരത്ത് നിന്ന ഇയാളെ പ്രദേശവാസികളും മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ആർ.നികിതകുമാറും ചോദ്യം ചെയ്തപ്പോൾ ടിക്കറ്റില്ലാത്തതിനാൽ ടി ടി ആർ ട്രയിനിൽ നിന്ന് ഇറക്കിവിട്ടെന്ന് ഇയാൾ പറഞ്ഞു.തിരിച്ചറിയൽ കാർഡ് നാട്ടുകാർ ചോദിച്ചെങ്കിലും ഇയാളുടെ പക്കൽ കാർഡുണ്ടായിരുന്നില്ല. വൈക്കം തുറുവേലിക്കുന്നിൽ പോകുകയാണെന്നാണ് ഇയാൾ പറഞ്ഞത്. ആരെ കാണാനാണെന്ന് ചോദിച്ചപ്പോൾ വ്യക്തമായ മറുപടി ഇല്ലായിരുന്നു.
മൊബൈൽ ഫോൺ ഉണ്ടോയെന്ന് ചോദിച്ചപ്പോൾ ഇല്ലെന്നും പറഞ്ഞു. ഈ സമയം ഇയാളുടെ പോക്കറ്റിൽ മൊബൈൽ ഫോൺ ബെല്ലടിച്ചു. ഫോണെടുക്കാൻ പറഞ്ഞപ്പോൾ ഇയാൾ കോൾ കട്ടാക്കി. വീണ്ടും ബെല്ലടിച്ചപ്പോൾ നാട്ടുകാർ ഫോൺ വാങ്ങിച്ചു സംസാരിച്ചു. കൊല്ലത്തു നിന്ന് അശ്വതിയാണ് വിളിക്കുന്നതെന്നും തൻ്റെ ഭർത്താവ് പ്രദീപ് കണ്ണൂരിൽ നിന്ന് കിണറിൻ്റെ പണി കഴിഞ്ഞ് ട്രയിനിൽമടങ്ങുമ്പോൾ ഇയാൾ മൊബൈൽ ഫോൺ മോഷ്ടിച്ചു കടന്നു കളഞ്ഞതാണെന്നും യുവതി പറഞ്ഞു. പ്രദേശവാസികൾ ഫോൺ സഹിതം മോഷ്ടാവിനെ വെള്ളൂർ പോലീസിനു കൈമാറി. കഴിഞ്ഞ ഒരുമാസത്തിനിടയിൽ വെള്ളൂരിൽ ഇതടക്കം നാലാമത്തെ മോഷ്ടാവിനെയാണ് നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടിയിലാകുന്നത്.