പത്തനംതിട്ട: എട്ടാം വര്‍ഷവും സന്നിധാനത്തെ സംഗീതമുഖരിതമാക്കി വേണുനാദമെത്തി. ശബരിമല സന്നിധാനം ശ്രീധര്‍മ്മശാസ്താ ഓഡിറ്റോറിയത്തിലാണ് പ്രശസ്ത പുല്ലാങ്കുഴല്‍ വാദകന്‍ വേണു ആദിനാടിന്റെ പുല്ലാങ്കുഴല്‍ ഫ്യൂഷന്‍ അരങ്ങേറിയത്. കഴിഞ്ഞ വര്‍ഷം കോവിഡ് നിയന്ത്രണങ്ങള്‍ കാരണം പരിപാടി അവതരിപ്പിച്ചില്ല എന്നതൊഴിച്ചാല്‍ തുടര്‍ച്ചയായ എട്ടാം വര്‍ഷമാണ് വേണുവും സംഘവും സംഗീതവുമായി മലകയറുന്നത്. ഭക്തിഗാനങ്ങള്‍ ആലപിച്ചതിനൊപ്പമാണ് പുല്ലാങ്കുഴലില്‍ അവ വായിക്കുകയും ചെയ്തത്. ശബരിമലയില്‍ തങ്ക സൂര്യോദയം, ഏഴരപ്പൊന്നാന്ന പുറത്തെഴുന്നള്ളും ഏറ്റുമാനൂരപ്പാ തുടങ്ങിയ ഗാനങ്ങളാണ് പുല്ലാങ്കുഴല്‍ ഫ്യൂഷനായി അവതരിപ്പിച്ചത്.
കരുനാഗപ്പള്ളി സ്വദേശിയായ വേണു ആദിനാട് ഡോ. പത്മേഷ്, കുടമാളൂര്‍ ജനാര്‍ദ്ദനന്‍ എന്നിവരുടെ ശിഷ്യനാണ്. മകന്‍ ശബരീശനും ഒപ്പമുണ്ടായിരുന്നു. കീബോര്‍ഡ് സുദീപ് ആലപ്പുഴ, തബല അരുണ്‍കുമാര്‍ ചേരാവള്ളി, മൃദംഗം കലാമണ്ഡലം പ്രസാദ് ഓച്ചിറ എന്നിവരും വേണുവിനൊപ്പമുണ്ടായിരുന്നു.