ചെന്നൈ : കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട്ടിലെ പത്ത്, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുന്ന ചടങ്ങില്‍ ഇളയ ദളപതി വിജയ് എത്തിയത്. വിജയ് ഫാന്‍സ് അസോസിയേഷന്‍ ദളപതി വിജയ് മക്കള്‍ ഇയക്കം സംഘടിപ്പിച്ച പരിപാടിയിലേക്കാണ് താരം എത്തിയത്. വായനാ ശീലം വളര്‍ത്തണമെന്നും പെരിയാര്‍, അംബേദ്കര്‍ എന്നിവരെ വായിക്കുന്നത് ശീലമാക്കണമെന്നും അദ്ദേഹം കുട്ടികളോട് പറഞ്ഞിരുന്നു. പണം വാങ്ങി വോട്ടു കൊടുക്കരുതെന്ന് രക്ഷിതാക്കളോട് പറയണമെന്നും കുട്ടികളോട് ആഹ്വാനം ചെയ്തിരുന്നു, അതെല്ലാം സോഷ്യലിടത്ത് വൈറലായിരുന്നു.
ചടങ്ങില്‍ കുട്ടികളെ പൊന്നാട അണിയിക്കുകയും സര്‍ട്ടിഫിക്കറ്റും നല്‍കിയിരുന്നു. അതിലെ ഒരു മുസ്ലിം കുട്ടിയുടെ പേര് വിളിച്ചപ്പോള്‍ ആ കുട്ടിയുടെ പിതാവാണ് വേദിയിലേക്ക് എത്തിയത്. പിന്നാലെ ബുര്‍ഖയണിഞ്ഞ് വിദ്യാര്‍ഥിയും എത്തി. പിതാവിനെയാണ് വിജയ് പൊന്നാട അണിയിച്ചത്. ഈ സംഭവം സോഷ്യലിടത്ത് ചര്‍ച്ചയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആ വേര്‍തിരിവിനെതിരെ പ്രതികരിക്കാത്തതിന് വിജയ്‌ക്കെതിരെ വിമര്‍ശനം നിറയുകയാണ് സോഷ്യലിടത്ത്. വിഷയത്തില്‍ അഞ്ജു പാര്‍വതി പ്രബീഷ് കുറിച്ച വാക്കുകള്‍ ശ്രദ്ധേയമായിരിക്കുകയാണ്. വിജയ് ആയിഷയെ പൊന്നാട അണിയിച്ചിരുന്നെങ്കില്‍
അതായിരുന്നേനെ നിങ്ങളിലെ സെലിബ്രിറ്റിയെ ലോകം പൊന്നാട കൊണ്ട് അണിയിക്കുമായിരുന്ന മുഹൂര്‍ത്തം! അതായിരുന്നു റിയല്‍ ലൈഫ് മെസേജ് എന്നാണ് അഞ്ജു കുറിച്ചത്. പോസ്റ്റിനെ പിന്തുണച്ച് നിരവധി പേര്‍ കമന്റ് ചെയ്യുന്നുണ്ട്.
പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികളെ നിറഞ്ഞ ചിരിയോടെ വേദിയിലേക്ക് സ്വീകരിച്ച് പൊന്നാടയും സര്‍ട്ടിഫിക്കറ്റും നല്‍കുന്ന ഇളയ ദളപതിയെ അതിരറ്റ ആരാധനയോടെ, സ്‌നേഹവായ്‌പ്പോടെ നോക്കി കാണുകയായിരുന്നു ഞാന്‍. അഭിരാമിയും മേഘദര്‍ശനയും ഒക്കെ നിറഞ്ഞ സന്തോഷത്തോടെ വേദിയില്‍ വരുന്നു. തികഞ്ഞ അഭിമാനത്തോടെ അവരുടെ മാതാപിതാക്കള്‍ നടനൊപ്പം നിന്ന് ഫോട്ടോ എടുക്കുന്നു. കാണുന്നവര്‍ക്ക് വരെ വല്ലാത്തൊരു പോസിറ്റിവിറ്റി ഫീല്‍ ചെയ്യുന്നു. പൊടുന്നനെ പ്ലസ് ടു കാരി ആയിഷയുടെ പേര് വിളിക്കുന്നു. ആയിഷയെ നോക്കിയ എന്റെ കണ്ണുകള്‍ കണ്ടത് ഒരു മധ്യവസ്‌കനെ! കൂടെ കറുപ്പില്‍ പൊതിഞ്ഞു കെട്ടിയ ഒരു രൂപവും പിന്നെ ഒരു ആണ്‍കുട്ടിയും. പിന്നെ കണ്ടത് ഏറ്റവും അശ്ലീലമായ ഒരു കാഴ്ച്ച!
ഉന്നത വിജയം നേടിയ പെണ്‍കുട്ടിക്ക് നല്‍കേണ്ടതായ ആ പൊന്നാട, അതിന്റെ അച്ഛനെ അണിയിക്കേണ്ടി വരുന്നു വെള്ളിത്തിരയിലെ നിലപാടിന്റെ പുസ്തകത്തിന്. സിനിമകളില്‍ നിലപാടുകളുടെ തേര് തെളിക്കുന്ന, അനീതികള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പോരാടുന്ന വെള്ളിത്തിരയിലെ ആ വിജയ് തീര്‍ത്തും മങ്ങിപ്പോയ, നിലപാടുകള്‍ ഒക്കെ ആവിയായി പോയ ഒരു രംഗം. ആകെ ആശ്വാസമായത് ഇത്തരം ഒരു അശ്ലീലം അരങ്ങേറിയപ്പോള്‍, സദസ്സില്‍ ഇരുന്ന് കൂവിയ കാണികള്‍ മാത്രം.
വിജയ് എന്ന നടന്‍ ഉയര്‍ത്തിപ്പിടിച്ച സകലമാന നിലപാടും ആവിയായിപ്പോയ ഒരു നിമിഷം തന്നെയായിരുന്നു ഇത്. പരീക്ഷ എഴുതിയതും വിജയിച്ചതും ആയിഷയാണ്, അവളുടെ ബാപ്പയല്ല എന്നും ഈ ചടങ്ങില്‍ ആദരിക്കുന്നത് പരീക്ഷാ മികവ് നേടിയ കുട്ടികളെയാണ്, അല്ലാതെ അവരുടെ അപ്പനല്ല എന്ന് ഉറക്കെ പറയാനുള്ള ആര്‍ജ്ജവം വിജയ് കാണിച്ചിരുന്നുവെങ്കില്‍ അതായിരുന്നേനെ നിങ്ങളിലെ സെലിബ്രിറ്റിയെ ലോകം പൊന്നാട കൊണ്ട് അണിയിക്കുമായിരുന്ന മുഹൂര്‍ത്തം! അംബേദ്കറിനെയും പെരിയോറിനെയും കാമരാജിനെയും പഠിക്കണമെന്ന് വിദ്യാര്‍ത്ഥികളോട് ഉറക്കെപ്പറഞ്ഞ നിങ്ങള്‍ ആ പൊന്നാട അയാള്‍ക്ക് അണിയിക്കാതെ ആ പെണ്‍കുട്ടിയെ അണിയിച്ചിരുന്നെങ്കില്‍ അതായിരുന്നു വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ കാണിക്കാന്‍ പറ്റുമായിരുന്ന റിയല്‍ ലൈഫ് മെസ്സേജ്.
ആ കുട്ടിയുടെ വസ്ത്രധാരണത്തെ കുറിച്ച് ഒന്നും പറയുന്നില്ല. അത് ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം. പക്ഷേ ഇത്രമേല്‍ മതബോധം ഉള്ള ഒരു കുടുംബം എന്തിന് ഇത്തരം ഒരു പരിപാടിക്ക് വന്നു എന്നത് ചോദ്യം.അവരുടെ മതബോധപ്രകാരം പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഏത് രീതിയില്‍ സ്പര്‍ശിക്കുന്നതും നിഷിദ്ധമാണ് എന്നിരിക്കെ ഇത്തരം ഒരു ചടങ്ങ് വിജയ് എന്ന നടന്റെ പേരില്‍ സംഘടിപ്പിക്കുന്നതും അദ്ദേഹമാണ് പൊന്നാടയും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് എന്നറിഞ്ഞിട്ടും എന്തിന് വന്നു? അപ്പോള്‍ മകളുടെ പേരില്‍ കിട്ടുന്ന ആനുകൂല്യം വേണം, അംഗീകാരം വേണം. പക്ഷേ അത് അവള്‍ക്ക് നേരിട്ട് വാങ്ങാന്‍ മതം തടസ്സമാകുന്നു. അതുകൊണ്ട് അച്ഛനും സഹോദരനും അത് ഉളുപ്പ് ഇല്ലാതെ വാങ്ങുന്നു.
തമിഴ്‌നാട്ടിലെ വന്‍ ലിബറല്‍ പ്രഭുക്കള്‍ ആയ നടികര്‍ കമല്‍ഹാസനും പ്രകാശ് രാജുമൊക്കെ എന്ത് പറയുന്നു എന്നറിയാന്‍ കട്ട വെയ്റ്റിങ്. ഇവിടുത്തെ പ്രബുദ്ധരൊന്നും മിണ്ടുന്നതേ ഇല്ലല്ലോ. ആട്ടിന്‍ത്തോലിട്ട കേരള പുരോഗമനവാദികള്‍ നിരങ്ങി നടന്ന പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ്സ് ആട്ടിന്‍ക്കൂടുകളില്‍ ആട് പോയിട്ട് അവറ്റകളുടെ പൂട പോലും കാണാനുമില്ല. ഒരുകാര്യത്തില്‍ സന്തോഷമുണ്ട്. കേരളത്തിലെ സമസ്തയ്ക്ക് തമിഴ് നാട്ടിലും ബ്രാഞ്ച് ഉണ്ടെന്ന് കാട്ടിത്തരാന്‍ ഈ ചടങ്ങ് കൊണ്ട് കഴിഞ്ഞല്ലോ.