ദില്ലി: രാഷ്ട്രപതി തെരഞ്ഞെടുപ്പിന് പിന്നാലെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍.ജൂലൈ അഞ്ചിന് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കും. ജൂലൈ 19 വരെ നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന 20-ന് നടക്കും. 21 വരെ നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാം. ആഗസ്റ്റ് ആറിനാവും വോട്ടെടുപ്പ്. അന്നു തന്നെ വോട്ടെണ്ണല്‍ നടക്കും.
ലോക്സഭയിലെയും രാജ്യസഭയിലേയും നോമിനേറ്റഡ് അംഗങ്ങള്‍ ഒഴികെയുള്ള 788 എം പിമാരാണ് വോട്ടര്‍മാര്‍. രണ്ടു സഭകളിലായി 400 എം പിമാരുള്ള ബിജെപിക്ക് സഖ്യകക്ഷികളുടെ സഹായം ഇല്ലാതെ തന്നെ വിജയിക്കാം. മുക്താര്‍ അബ്ബാസ് നഖ്വി ഉള്‍പ്പടെയുള്ളവരുടെ പേരുകള്‍ ബിജെപിയില്‍ ചര്‍ച്ചയിലുണ്ട്. സ്ഥാനാര്‍ത്ഥിയെ നിറുത്തേണ്ടതുണ്ടോ എന്ന് അടുത്തയാഴ്ച കൂട്ടായി ആലോചിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി. നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കാലാവധി ആഗസ്റ്റ് പത്തിനാണ് തീരുക. അതിനു മുന്‍പായി പുതിയ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്ന തരത്തിലാണ് പ്രക്രിയകള്‍ തീരുമാനിച്ചിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മിനിമം 35 വയസ്സുള്ള ഇന്ത്യന്‍ പൗരനായിരിക്കണം എന്നതാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനുള്ള പ്രധാന യോഗ്യത. രാജ്യസഭാ അംഗമായിരിക്കാനുള്ള എല്ലാ യോഗ്യതകളും ഉപരാഷ്ട്രപതിക്കും ബാധകമാണ്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളിലോ തദ്ദേശസ്ഥാപനങ്ങളിലോ ലാഭദായകമായ പദവികള്‍ വഹിക്കുന്ന വ്യക്തിക്ക് ഉപരാഷ്ട്രപതിയാവാന്‍ പറ്റില്ല.