കോട്ടയം : ജില്ലയിലെ വിവിധ വില്ലേജ് ഓഫിസർമാരെ ഫോണിൽ വിളിച്ച്, വിജിലൻസ് ഉദ്യോഗസ്ഥനെന്ന പേരിൽ കൈക്കൂലി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ എരുമേലി സ്വദേശി പിടിയിൽ. വില്ലേജ് ഓഫിസർമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് എസ്.പി വി.ജി വിനോദ് കുമാറിന്റെ നേത്യത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. എരുമേലി താഴത്തതിൽ ഷിനോസ് ഷാനവാസിനെയാണ് വിജിലൻസ് സംഘം പിടികൂടി പാലാ പൊലീസിന് കൈമാറിയത്.
കഴിഞ്ഞ ഒരു മാസത്തിലേറെയായി ഇയാൾ വില്ലേജ് ഓഫിസർമാരെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് ചങ്ങനാശേരി വില്ലേജ് ഓഫിസർ വിജിലൻസിനെ സമീപിക്കുകയായിരുന്നു. മീനച്ചിൽ വില്ലേജ് ഓഫിസർ പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർക്കും , കാഞ്ഞിരപ്പള്ളി വില്ലേജ് ഓഫിസർ കാഞ്ഞിരപ്പള്ളി എസ്.എച്ച് ഒയ്ക്കും പരാതി നൽകി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം വ്യാഴാഴ്ച രാത്രി നടത്തിയ അന്വേഷണത്തിലാണ് പ്രതി എരുമേലി സ്വദേശിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് വിജിലൻസ് നേതൃത്വത്തിൽ ഇയാളുടെ മൊബൈൽ ഫോൺ വിവരങ്ങൾ ശേഖരിച്ച് പരിശോധന നടത്തുകയായിരുന്നു. ഇതോടെയാണ് പ്രതി ഷിനോദ് ആണെന്ന് കണ്ടെത്തിയത്. എരുമേലിയിലെ ഫാമിൽ ഉണ്ടായിരുന്നു ഇയാളെ വിജിലൻസ് സംഘം കസ്റ്റഡിയിലെടുത്തത് പാലാ പൊലീസിന് കൈമാറി.ഇന്റലിജൻസ് സി.ഐ സജു എസ്. ദാസ് , എസ്.ഐ സ്റ്റാൻലി തോമസ് , സൈബർ ഉദ്യോഗസ്ഥനായ മനോജ് പി.എസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
കോട്ടയം ഇടുക്കി ആലപ്പുഴ ജില്ലയിലെ വിവിധ വില്ലേജ് ഓഫീസർമാരെ കഴിഞ്ഞ ഒരു മാസത്തോളമായി ഇയാൾ ഭീഷണിപ്പെടുത്തി വരികയായിരുന്നു. ഈ വില്ലേജ് ഓഫീസർമാർക്ക് എതിരെ കൈക്കൂലി കേസ് നിലവിലുണ്ടെന്നും ഈ കേസിൽ നടപടിയെടുക്കാതിരിക്കണമെങ്കിൽ എങ്കിൽ 10,000 മുതൽ 50,000 രൂപ വരെ കൈക്കൂലിയായി നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഇയാൾ ഭീഷണിപ്പെടുത്തിയത്. തുടർന്നാണ് വിജിലൻസ് അന്വേഷണം നടത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്. പാലാ കാഞ്ഞിരപ്പള്ളി സ്റ്റേഷനുകളിൽ പരാതി ലഭിച്ച സാഹചര്യത്തിലാണ് ഇയാളെ പാലാ പൊലീസിന് കൈമാറിയിരിക്കുന്നത്.