കോഴിക്കോട്: വിജിലന്‍സ് പിടിച്ചെടുത്ത പണം തിരികെ ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജി നല്‍കിയ ഹര്‍ജി വിജിലന്‍സ് കോടതി മാറ്റി വെച്ചു. ഈ മാസം നാലിലേക്കാണ് കോഴിക്കോട് വിജിലന്‍സ് കോടതി ഹര്‍ജി മാറ്റിയത്. അതേസമയം പണപ്പിരിവില്‍ കോടതി സംശയം പ്രകടിപ്പിച്ചു. വിജിലന്‍സ് പിടിച്ചെടുത്തത് തെരഞ്ഞെടുപ്പ് ഫണ്ടില്‍പ്പെട്ട പണമാണെന്നാണ് ഷാജിയുടെ വാദം.
20,000 രൂപയുടെ രസീതില്‍ പണം പിരിയ്ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയുണ്ടോയെന്ന് കോടതി ചോദിച്ചു. തെരെഞ്ഞെടുപ്പിന് രസീത് വച്ച് 10,000 രൂപ വരെയല്ലെ പിരിക്കാന്‍ അനുമതിയെന്ന് ഷാജിയോട് കോഴിക്കോട് വിജിലന്‍സ് കോടതി സംശയം പ്രകടിപ്പിച്ചു. എന്നാല്‍ പിടിച്ചെടുത്ത പണം തെരെഞ്ഞെടുപ്പ് ഫണ്ട് ആണെന്ന വാദം കെഎം ഷാജി ആവര്‍ത്തിച്ചു. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ടാണ് വിജിലന്‍സ് കഴിഞ്ഞ വര്‍ഷം കെ.എം.ഷാജിയുടെ കണ്ണൂരിലെ അഴീക്കോട്ടുള്ള വീട്ടില്‍ പരിശോധന നടത്തി പണം പിടിച്ചെടുത്തത്. പണം തിരികെ ആവശ്യപ്പെട്ട് കെ.എം.ഷാജി നല്‍കിയ ഹര്‍ജിയില്‍ വിജിലന്‍സ് നേരത്തേ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.