തിരുവനന്തപുരം: വൻഅഴിമതിക്കാരെ പിടികൂടുകയും കേസെടുക്കാനൊരുങ്ങുകയും ചെയ്തതോടെയാണ് ഡി.ജി.പി യോഗേഷ്ഗുപ്തതയുടെ വിജിലൻസ് മേധാവി കസേരപോയത്. നാലുമാസം കൊണ്ട് 40 കൈക്കൂലിക്കാരെ കൈയോടെ പിടികൂടിയും 212മിന്നല്‍ റെയ്ഡുകള്‍ നടത്തുകയുംചെയ്ത യോഗേഷ് അഴിമതിക്കാരുടെ പേടിസ്വപ്നമായിരുന്നു . ഡി.ജി.പി മനോജ്‌എബ്രഹാമാണ് പുതിയ വിജിലൻസ് മേധാവി.
എ.ഡി.എം നവീൻബാബുവിന്റെ മരണത്തില്‍ പ്രതിയായ കണ്ണൂർ ജില്ലാപഞ്ചായത്ത് മുൻപ്രസിഡന്റ് പി.പി.ദിവ്യയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ബിനാമി കമ്പനിക്ക് 12കോടിയോളം രൂപയുടെ കരാറുകള്‍ നല്‍കിയതിനെക്കുറിച്ച് അന്വേഷിക്കാൻ യോഗേഷ് കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ജില്ലാ പഞ്ചായത്തിന്റെ കരാറുകളെടുക്കാൻ വേണ്ടി രൂപീകരിച്ച കമ്ബനിയാണിതെന്നാണ് കണ്ടെത്തല്‍. ബിനാമിയിടപാടില്‍ കേസെടുക്കാനും ദിവ്യയുടെയും കുടുംബത്തിന്റെയും സ്വത്തുക്കളെക്കുറിച്ച് അന്വേഷിക്കാനും യോഗേഷ് നിർദ്ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യോഗേഷിനെ തെറിപ്പിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിരിച്ചുവിടണമെന്ന് വിജിലൻസ് ശുപാർശ ചെയ്ത തിരുവനന്തപുരത്തെ വനം ഉദ്യോഗസ്ഥനെ, സസ്പെൻഷൻ റദ്ദാക്കി തിരിച്ചെടുക്കുന്നതില്‍ യോഗേഷ് രേഖാമൂലം എതിർപ്പറിയിച്ചിരുന്നു. അഴിമതിക്കേസില്‍ വിജിലൻസ് പ്രതിയാക്കിയ ഉദ്യോഗസ്ഥൻ നടത്തിയ അഴിമതികളുടെ വീഡിയോ തെളിവുകളുണ്ടെന്നും ഒരുകാരണവശാലും തിരിച്ചെടുക്കരുതെന്നുമായിരുന്നു യോഗേഷിന്റെ റിപ്പോർട്ട്. ഇത് തള്ളിക്കളഞ്ഞ് സസ്പെൻഷൻ പിൻവലിച്ച് ഉദ്യോഗസ്ഥനെ തിരിച്ചെടുത്തു. വനംമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് തിരിച്ചെടുക്കുന്നതെന്ന് ഉത്തരവില്‍ അഡി.ചീഫ്സെക്രട്ടറി കെ.ആർ.ജ്യോതിലാല്‍ രേഖപ്പെടുത്തി. ഇതോടെ ജ്യോതിലാലിനെ വനംവകുപ്പില്‍ നിന്നു തെറിപ്പിച്ചു. പിന്നാലെയാണ് യോഗേഷിന്റെയും തൊപ്പിതെറിച്ചത്.
നാളികേരം, കൊപ്രാ സംഭരണത്തില്‍ പൊതുമേഖലാ സ്ഥാപനം നടത്തിയ 100കോടിയുടെ സബ്സിഡി വെട്ടിപ്പ് കണ്ടെത്തിയ യോഗേഷ്, കേസെടുക്കാൻ സർക്കാരിന്റെ അനുമതി തേടിയിരുന്നു. ഗുണഭോക്താക്കള്‍ ആരാണെന്ന് വ്യക്തമാക്കാതെ സഹകരണബാങ്കുകള്‍ വഴിയും തട്ടിപ്പ് നടന്നിരുന്നു. പണം നല്‍കിയെങ്കിലും കൊപ്രയും നാളീകേരവും സംഭരിച്ചിട്ടില്ലെന്നും കണ്ടെത്തി. കേസെടുക്കാൻ സർക്കാർ അനുമതി നല്‍കിയിട്ടില്ല. കരാറുകാരുമായി ചേർന്ന് മറ്റൊരു കോർപറേഷൻ നടത്തിയ കോടികളുടെ തട്ടിപ്പ്, പിന്നാക്ക വിഭാഗങ്ങള്‍ക്കായുള്ള സ്ഥാപനം നടത്തിയ 15കോടിയുടെ തട്ടിപ്പ്, കൃഷിമേഖലയിലെ കോർപറേഷൻ കേന്ദ്രസർക്കാരിന്റെ സബ്സിഡി തട്ടിയത് എന്നിവയെല്ലാം കണ്ടെത്തി കേസെടുക്കാൻ സർക്കാരിന്റെ അനുമതി തേടിയിരിക്കുകയായിരുന്നു യോഗേഷ്. കൈക്കൂലിക്കാരായ കേന്ദ്രഉദ്യോഗസ്ഥരെയും അറസ്റ്റ്ചെയ്തിരുന്നു.
കണക്കിലുള്ളതിനേക്കാള്‍ പത്തിരട്ടി ഖനനംനടത്തുന്ന ക്വാറിമാഫിയയെ തുടർച്ചയായ പരിശോധനകളിലൂടെ പൂട്ടിയ യോഗേഷ് അധികപിഴ, റോയല്‍റ്റി, പെനാല്‍റ്റി ഇനത്തില്‍ 500കോടിരൂപയാണ് ഖജനാവിലെത്തിച്ചത്. മിന്നല്‍റെയ്ഡുകള്‍ കാരണം കണക്കിലെ കള്ളക്കളി നടക്കാതായി. ക്വാറിമാഫിയയും യോഗേഷിനെതിരേ രംഗത്തിറങ്ങിയിരുന്നു.
അഴിമതിക്കെതിരേ അതിശക്തമായ മുന്നേറ്റത്തിന് വിജിലൻസിനായെന്നും അഴിമതിയുടെ ഉറവിടം കണ്ടെത്തി ഇല്ലാതാക്കണമെന്നും ഏപ്രില്‍16ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. വിജിലൻസിന്റെ പ്രവർത്തനത്തില്‍ പ്രൊഫഷണലിസമുണ്ടായെന്നും അഴിമതിക്ക് അവസരംനല്‍കാതെ തുടക്കത്തിലേ ഉന്മൂലനം ചെയ്യണമെന്നും അഴിമതി വിപത്ത് തുടച്ചുനീക്കണമെന്നും പറഞ്ഞിരുന്നു.