പഠനത്തിലായാലും ജോലിക്കായാലും ആദ്യ റാങ്കുകളില്‍ വിജയലക്ഷ്മി ഉണ്ടാവും. മുപ്പത്തിയേഴാം വയസിലും അതില്‍ മാറ്റമില്ല.അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അടുത്തിടെ പി.എസ്.സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ അതിലുണ്ട് നാലാം സ്ഥാനം.റാന്തല്‍വിളക്കിന്റെ ചുവട്ടിലിരുന്ന് പഠിച്ച് 2001 ല്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ 518 മാർക്ക് നേടിയതുമുതല്‍ തുടങ്ങിയതാണ് ജൈത്രയാത്ര. പശുവിനെ വളർത്തി ഉപജീവനം നടത്തിയിരുന്ന തൃശൂർ ചുള്ളിപ്പറമ്പില്‍ പരേതനായ ഗോപാലന്റെയും രാധയുടെയും മകള്‍ നിശ്ചയദാർഢ്യവും കഠിനാദ്ധ്വാനവും കൊണ്ട് പരിമിതികള്‍ മറികടക്കുകയായിരുന്നു.പ്ലസ്ടുവിന് സയൻസ് ഗ്രൂപ്പെടുത്തെങ്കിലും ഉപരിപഠനത്തിന് സംസ്കൃതം തിരഞ്ഞെടുത്തു. ബി.എയ്ക്കും എം.എയ്ക്കും ഒന്നാം റാങ്ക്. ബി.എഡിനുശേഷം എം.ഫില്ലും നേടി. ജോലിക്കുള്ള മത്സര പരീക്ഷകളിലും മുന്നില്‍ത്തന്നെയാണ് വിജയലക്ഷ്മി.
2011ല്‍ യു.പി സ്കൂള്‍ ടീച്ചർ പരീക്ഷയില്‍ ഒന്നാം റാങ്കായിരുന്നു. അതിനിടയിലായിരുന്നു വിവാഹം. ആദ്യത്തെ കുഞ്ഞു ജനിച്ചുകഴിഞ്ഞാണ് പട്ടണക്കാട് ഗവ. സ്കൂളില്‍ ഫുള്‍ടൈം യു.പി.സ്കൂള്‍ ടീച്ചറായി നിയമനം കിട്ടിയത്.ഇതിനിടയിലും സെറ്റ്, നെറ്റ് യോഗ്യതകളും നേടി. 2015ല്‍ ഹൈസ്കൂള്‍ ടീച്ചർ പരീക്ഷയിലും ഒന്നാംറാങ്ക്. നിയമനം ചെറുതുരുത്തി സ്കൂളില്‍. രണ്ടാമത്തെ കുട്ടി പിറന്നെങ്കിലും പഠനം അവസാനിപ്പിച്ചില്ല. ശ്രീശങ്കരാചാര്യ യൂണിവേഴ്സിറ്റിയില്‍ പാർട്ട് ടൈമായി പി.എച്ച്ഡിക്ക് ചേർന്നു. ഇതിനിടയില്‍ ഹയർ സെക്കൻഡറി ടീച്ചറായി മുല്ലശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെത്തി. ചോറ്റാനിക്കര സ്വദേശിയും ഗാനരചയിതാവും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനുമായ പി.ബി. സനീഷാണ് ഭർത്താവ്.ഗൗരിനന്ദനയും വേദശ്രീയുമാണ് മക്കള്‍. അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള അഡ്വൈസ് മെമ്മോയും പ്രതീക്ഷിച്ചിരിക്കുകയാണ് വിജയലക്ഷ്മി.