തിരുവനന്തപുരം: സിനിമ മേഖലയിലെ പുതിയ സംഘടനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് സംവിധായകൻ വിനയൻ. ആഷിഖ് അബു ഉള്‍പ്പെടെയുള്ളവർ ചേർന്ന് രൂപീകരിക്കുന്ന പുതിയ സംഘടനയായ പ്രോഗ്രസീവ് ഫിലിം മേക്കേഴ്സില്‍ ചേരുമെന്ന് വിനയൻ പറഞ്ഞു. നിഷ്പക്ഷവും പുരോഗമനപരവുമായി ചിന്തിക്കുന്ന സിനിമാ സംഘടന നല്ലതാണ്. സംഘടനകളെ ഹൈജാക് ചെയ്ത് നേതാക്കള്‍ സ്വന്തം കാര്യസാധ്യത്തിനായി ഉപയോഗിക്കുന്ന അവസ്ഥ മാറണമെന്നും വിനയൻ പറഞ്ഞു.
ജൂണിയർ ആർട്ടിസ്റ്റുകളെയും തൊഴിലാളികളെയും സംരക്ഷിക്കുന്ന സംഘടന ആവണം. നിലവില്‍ നിർമ്മാതാക്കളുടെ സംഘടനയില്‍ അംഗമാണ്. സംവിധാകനെന്ന നിലയില്‍ പുതിയ സംഘടനയുമായി ചേരുന്ന കാര്യം ആലോചിക്കുമെന്നും വിനയൻ കൂട്ടിച്ചേർത്തു. പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് എന്ന പേരിലുള്ള സംഘടനയില്‍ സംവിധായകരായ ആഷിഖ് അബു, അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, നടി റിമ കല്ലിങ്കല്‍ തുടങ്ങിയവരാണുള്ളത്. സംഘടനയെ കുറിച്ചുളള വിവരങ്ങളടങ്ങിയ കത്ത് സിനിമ പ്രവർത്തകർക്ക് നല്കി തുടങ്ങുകയും ചെയ്തു.