വിജയപുരം : വിജയപുരം പഞ്ചായത്തിലെ 12ആം വാർഡിൽ താമരശ്ശേരിൽ വാർഡ് കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുമോദന സമ്മേളനം നടത്തി. എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും, വാർഡിൽ ഉന്നത വിജയം നേടിയ 50 വിദ്യർത്ഥി വിദ്യാർത്ഥിനികളെയുമാണ് അനുമോദിച്ചത്. കൂടാതെ മഴയിലും വെയിലിലും നിന്നും സംരക്ഷണം ലഭിക്കുന്നതിനും മാലിന്യങ്ങളിൽ നിന്ന് പകരുന്ന പകർച്ചവ്യാധിയിൽ നിന്നുള്ള സംരക്ഷണത്തിനുമായി തൊഴിലുറപ്പ് തൊഴിലാളികൾക്കും, ഹരിത കർമ്മസേനാംഗങ്ങൾക്കും കുടകളും ഗ്ലൗസുകളും വിതരണം ചെയ്തു. ഇതോടൊപ്പം താമരശ്ശേരി വാർഡിന്റെ പ്രവേശന കവാടമായ മക്രോണി എന്ന സ്ഥലത്തെ ആസ്പദമാക്കി രചിച്ച നോവൽ രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു. ഈ നോവലിന് എച്ച്&സി പുരസ്ക്കാരം നേടിയ വാർഡ് അംഗമായ ജോസഫ് ആൻ ലോണിനെ എംഎൽഎ തീരുവഞ്ചൂർ രാധാകൃഷ്ണനും, വാർഡ് കൂട്ടായ്മയുടെ കൺവീനറുമായ ബിനു മറ്റത്തിലും ചേർന്ന് പൊന്നാട അണിയിച്ച് അനുമോദിച്ചു.
അനുമോദന സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബിനു മറ്റത്തിൽ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വി.ടി സോമൻകുട്ടി മുഖ്യ പ്രഭാക്ഷണം നടത്തി. പഞ്ചായത്ത് വൈസ്. പ്രസിഡന്റ് രജനി സന്തോഷ്, പള്ളം ബ്ലോക്ക് മെമ്പർ ദീപാ ജീസസ്സ്, താമരശ്ശേരി മഹാദേവ ക്ഷേത്രം പ്രസി. സതീശൻ മടുക്കനി, മാങ്ങാനം സെന്റ് മേരീസ്. മണർകാട് കത്തിഡ്രലിന്റെ കീഴിൽ പ്രവർത്തിക്കുന്ന മാങ്ങാനം സണ്ടേസ്കൂൾ ഹെഡ് മാസ്റ്റർ എം.കെ കുര്യൻ മറ്റത്തിൽ. സജീ നദിയാട്ട്, ഡോ. തോമസ് കുരുവിള ചെമ്പകശ്ശേരിൽ (ബസേലിയോസ് കോളജ് മലയാള വിഭാഗം മേധാവി), എം. ആൽഫ്രഡ് കാട്ടുവിളയിൽ, മുൻ പഞ്ചായത്ത് സെക്രട്ടറി പി.ജെ.ജോസ് കുഞ്ഞ് പുളിമൂട്ടിൽ, ബെൻസി ഏബ്രഹാം കുന്നേൽ, ഷൈനി രാജപ്പൻ, സീബാ സുനിൽ സിഡിഎസ് മെമ്പർ എന്നിവർ പരുപാടിയിൽ പ്രസംഗിച്ചു.