കോട്ടയം: വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തിലെ വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം. ബ്ലോക്ക് പഞ്ചായത്ത് സമര്‍പ്പിച്ച 95 പദ്ധതികള്‍ക്കാണ് ഡി.പി.സി. അംഗീകാരം ലഭിച്ചത്. ഇതില്‍ അഞ്ച് നൂതന പദ്ധതികളും ഉള്‍പ്പെടുന്നു. 4.81 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് അനുമതി ലഭിച്ചത്.
വിദ്യാര്‍ഥികള്‍ക്ക് വായനക്കളരി ഒരുക്കുന്ന അക്ഷര ജ്വാല പദ്ധതിയും ഒരു ദിവസം പ്രായമുള്ള കുട്ടികള്‍ മുതല്‍ പതിനെട്ടു വയസ് വരെയുള്ള കുട്ടികളില്‍ ഭിന്നശേഷി കണ്ടെത്തി അവര്‍ക്ക് വേണ്ട ചികിത്സ സൗകര്യം ഒരുക്കാന്‍ ലക്ഷ്യമിടുന്ന ബി.സി.ഡി.സി. ( ബ്ലോക്ക് ശിശുവികസന കേന്ദ്രം), മത്സ്യ തൊഴിലാളികള്‍ക്ക് അപകടങ്ങളില്‍ നിന്ന് രക്ഷനേടാനുള്ള ലൈഫ് ജാക്കറ്റ് പദ്ധതി, പട്ടികവര്‍ഗ യുവതികളുടെ നേതൃത്വത്തില്‍ കുടുംബശ്രീയുടെ സഹകരണത്തോടെ ബ്രാന്‍ഡ് നൈറ്റി വിപണിയിലെത്തിക്കുന്നതിനുള്ള അപ്പാരല്‍ പാര്‍ക്ക്, എല്ലാ യുവതികള്‍ക്കും പി.എസ്.സി. പരീക്ഷ പരിശീലനം നല്‍കുന്ന ലക്ഷ്യ പ്ലസും അംഗീകാരം നേടിയ നൂതന പദ്ധതികളാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സമ്പൂര്‍ണ പച്ചക്കറി കൃഷി ലക്ഷ്യമിടുന്ന നിറവ് പദ്ധതി, തരിശ് ഭൂമി കൃഷിയോഗ്യമാക്കുന്ന പൊന്‍കതിര്‍ പദ്ധതി, വയോജനങ്ങള്‍ക്കായി വായോ പാര്‍ക്ക്, വയോജനങ്ങള്‍ക്ക് ആയുര്‍വേദ മരുന്ന് നല്‍കുന്ന കരുതല്‍ പദ്ധതി, അങ്കണവാടി കുട്ടികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാന്‍ നിര്‍മ്മലം പദ്ധതി, ഡയാലിസിസ് രോഗികള്‍ക്ക് മരുന്ന് വാങ്ങുന്നതിനായി സാന്ത്വനം പദ്ധതി, പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പഠനമുറി, ഭിന്നശേഷി കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, യുവതികള്‍ക്ക് കാറ്ററിംഗ് യൂണിറ്റ്, ഡോക്യുമെന്റേഷന്‍ സെന്റര്‍, ബാല സൗഹൃദ അങ്കണവാടി ‘ചായം’, ക്രിക്കറ്റ്, ഫുട്ബോള്‍, വോളിബോള്‍, ബാഡ്മിന്റണ്‍, നീന്തല്‍ തുടങ്ങിയവയില്‍ കോച്ചിംഗിന് ഒളിമ്പിക് പദ്ധതിയും വിവിധ സ്‌കൂളുകള്‍ക്ക് ശുചിത്വ സമുച്ചയം, ക്ഷീര കര്‍ഷകര്‍ക്ക് സബ്‌സിഡി ഇനത്തില്‍ കാലിത്തീറ്റ, പാല്‍ ഇന്‍സെന്റീവ്, ഖാദി സഹകരണ സംഘത്തിന് സഹായം, ഗ്രാമീണ ടൂറിസം ലക്ഷ്യമിട്ട് വിവിധ തോടുകള്‍ കുളങ്ങളുടെയും നവീകരണം, വനിതകള്‍ക്കായി ജന്റര്‍ പാര്‍ക്ക്, കൗമാരപ്രായക്കാരായ കുട്ടികള്‍ക്കായി വര്‍ണ്ണം പദ്ധതി, എല്‍.പി. സ്‌കൂള്‍ കുട്ടികളുടെ കായികക്ഷമത പരിപോഷിപ്പിക്കാന്‍ ജൂനിയര്‍ അത്ലറ്റ്, ആര്‍.ആര്‍.എഫിന് ഉപകരണങ്ങള്‍ വാങ്ങല്‍, റോഡുകളുടെ നവീകരണം, റോഡുകളില്‍ സ്ടീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കല്‍, പട്ടികജാതി കോളനികളില്‍ സോളാര്‍ ലൈറ്റ് സ്ഥാപിക്കാന്‍ സൂര്യപ്രഭ പദ്ധതി, തഴ ഉത്പന്നങ്ങളുടെ നിര്‍മാണം, പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് വിവിധ പദ്ധതികള്‍, ലൈഫ് ഭവനത്തിന് വിഹിതം, പി.എം.എ.വൈ. പാര്‍പ്പിട പദ്ധതി തുടങ്ങി 95 പദ്ധതികള്‍ക്കാണ് അനുമതി ലഭിച്ചത്.
സര്‍വതലസ്പര്‍ശിയായ വികസനമാണ് ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് അഡ്വ.കെ.കെ. രഞ്ജിത്ത് പറഞ്ഞു.