മലപ്പുറം: അഗതി സർട്ടിഫിക്കറ്റ് നൽകിയില്ലെന്നാരോപിച്ച് വില്ലേജ് ഓഫിസറുടെ മുഖത്തടിച്ച കേസിലെ പ്രതിയെ മേലാറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തു. എടപ്പറ്റ വില്ലേജ് ഓഫിസറും തിരുവനന്തപുരം പാങ്ങോട് ഭരതന്നൂർ സ്വദേശിയുമായ കെ. പ്രദീപിനെ മുഖത്തടിച്ച കേസിലെ പ്രതി എടപ്പറ്റയിലെ ഓലപ്പാറ സ്വദേശി വീരാനാണ് (56) അറസ്റ്റിലായത്.
ഒരു മാസത്തിലേറെ ഒളിവിലായിരുന്ന ഇയാൾ ഹൈകോടതിയിൽ ജാമ്യാപേക്ഷ നൽകി സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ മേയ് 25ന് ഉച്ചക്ക് പന്ത്രണ്ടോടെയാണ് സംഭവം. വീരാൻ നൽകിയ അപേക്ഷ നിരസിച്ചതിൽ പ്രകോപിതനായി വില്ലേജ് ഓഫിസറുടെ മുഖത്തടിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വില്ലേജ് ഓഫിസറുടെ പരാതിപ്രകാരം വീരാനെതിരെ മേലാറ്റൂർ പൊലീസ് കേസെടുത്തിരുന്നു. ഇയാളുടെ പേരക്കുട്ടിക്ക് ഡെസ്റ്റിറ്റിയൂട്ട് സർട്ടിഫിക്കറ്റ് (അഗതി സർട്ടിഫിക്കറ്റ്) ലഭിക്കുന്നതിനാണ് അപേക്ഷയുമായെത്തിയിരുന്നത്. അനർഹനെന്ന് കണ്ടെത്തിയതിനാലാണ് സർട്ടിഫിക്കറ്റ് നൽകാതിരുന്നതെന്നാണ് അധികൃതർ പറഞ്ഞിരുന്നത്.