ഷാർജ: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ നാട്ടിൽ റീപോസ്റ്റ്മോർട്ടം നടത്താൻ ശ്രമിക്കുമെന്ന് അഭിഭാഷകൻ മനോജ് കുമാർ പള്ളിമൺ. സ്ത്രീധന പീഡനത്തിനും മർദ്ദനത്തിനും വ്യക്തമായ തെളിവുകൾ ഉണ്ട്. വിപഞ്ചികയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് അപ്രത്യക്ഷമായതിലും മൊബൈൽ ഫോണും ലാപ്ടോപ്പും നഷ്ടമായതിലും ദുരൂഹതയുണ്ട്. ഭർത്താവ് നിതീഷിനെയും കുടുംബത്തിനെയും നാട്ടിൽ എത്തിച്ച് അന്വേഷണത്തിന് വിധേയരാക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്നും അഭിഭാഷകൻ പറഞ്ഞു.
നാട്ടിൽ വിവാഹം നടന്ന് ആദ്യ ദിനം മുതൽ വിപഞ്ചിക പീഡനത്തിന് ഇരയായി. ഷാർജയിൽ നടന്ന കുറ്റകൃത്യം നാട്ടിൽ നടന്നതിന് തുല്യമായി കാണാൻ കഴിയും. ഭർത്താവിനും കുടുംബത്തിനും എതിരെ വിപഞ്ചിക ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് അപ്രത്യക്ഷമായതിൽ ദുരൂഹതയുണ്ട്. വിപഞ്ചിക ഉപയോഗിച്ചിരുന്ന ഫോണും ലാപ്ടോപ്പും കാണാതായിട്ടുണ്ടെന്ന് അഭിഭാഷകൻ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ഷാര്‍ജ അല്‍ നഹ്ദയില്‍ കൊല്ലം കേരളപുരം സ്വദേശി വിപഞ്ചിക മണിയനെയും (29) ഒന്നര വയസ്സുള്ള മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വിപഞ്ചികയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ട ദീര്‍ഘമായ ആത്മഹത്യ കുറിപ്പില്‍ ഭര്‍ത്താവായ നിതീഷ്, ഭര്‍തൃ സഹോദരി നീതു, ഭര്‍തൃപിതാവ് മോഹനന്‍ എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. വിപഞ്ചികയുടെ മാതാവ് ഷൈലജയും നിതീഷിനും കുടുംബത്തിനുമെതിരെ ആരോപണം ഉന്നയിച്ചിരുന്നു. വിപഞ്ചികയെ ഭർതൃ പിതാവിനും ഭർതൃ സഹോദരിക്കും ഇഷ്ടമല്ലായിരുന്നെന്നും, ഭർത്താവ് നിതീഷ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു എന്നും മാതാവ് ഷൈലജ വെളിപ്പെടുത്തി.
നിതീഷിന്റെ പീഡനം കാരണമാണ് വിപഞ്ചിക മുടി മുറിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. നിതീഷിനെയും കുടുംബത്തെയും വെറുതെ വിടരുതെന്നും വിപഞ്ചികയുടെ മാതാവ് ആവശ്യപ്പെട്ടു. സ്വകാര്യ കമ്പനിയിലെ എച്ച്.ആർ വിഭാഗത്തിലാണ് വിപഞ്ചിക ജോലി ചെയ്തിരുന്നത്. ഭർത്താവ് നിതീഷും യുഎഇയിലാണ് താമസിക്കുന്നത്.