വിസ്മയ കേസ്: പ്രതി കിരൺകുമാറിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി; ശിക്ഷാവിധി മരവിപ്പിച്ചു

ന്യൂഡൽഹി: വിസ്മയ കേസിൽ പ്രതി കിരൺകുമാറിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. പ്രതിയുടെ ശിക്ഷാവിധിയും സുപ്രീം കോടതി മരവിപ്പിച്ചു. ശിക്ഷാവിധി റദ്ദാക്കണമെന്ന അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് സുപ്രീം കോടതിയുടെ നടപടി. സ്ത്രീധനത്തിൻ്റെ പേരിലുള്ള പീഡനത്തിന് പിന്നാലെയായിരുന്നു വിസ്മയ ആത്മഹത്യ ചെയ്യുന്നത്.

Advertisements

ജസ്റ്റിസുമാരായ എം എം സുന്ദരേശ്, വിനോദ ചന്ദ്ര ഉള്‍പ്പെട്ട ബെഞ്ചാണ് കിരണിന് ജാമ്യം നല്‍കിയത്. നാലര വര്‍ഷമായി ജയിലിലാണെന്ന വാദം കോടതി അംഗീകരിച്ചു. ഹൈക്കോടതി അപ്പീല്‍ പരിഗണിക്കുന്നത് വൈകിപ്പിക്കുന്നത് നീതിനിഷേധമാണെന്ന് ഇയാള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ദീപക് പ്രകാശ് ഉയര്‍ത്തിയ വാദവും സുപ്രീം കോടതി അംഗീകരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

10 വര്‍ഷം തടവും 12 ലക്ഷം രൂപ പിഴയുമാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി നേരത്തെ വിധിച്ചത്. ഇത് മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ പ്രതി സമീപിക്കുകയായിരുന്നു. എന്നാല്‍ ഹൈക്കോടതിയുടെ നടപടി വൈകുന്നതിനിടയിലാണ് സുപ്രീം കോടതിയെ സമീപിച്ചത്. ശിക്ഷാ വിധി മരവിപ്പിക്കണമെന്ന ആവശ്യം നേരത്തെ ഹൈക്കോടതി നിരസിച്ചിരുന്നു. നിലവില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാണ് കിരണ്‍കുമാര്‍.

2019 മേയ് 31നായിരുന്നു ബിഎഎംഎസ് വിദ്യാര്‍ഥിനിയായിരുന്ന വിസ്മയയും മോട്ടോര്‍ വാഹന വകുപ്പില്‍ എഎംവിഐയായിരുന്ന കിരണ്‍ കുമാറുമായുള്ള വിവാഹം. 100 പവന്‍ സ്വര്‍ണവും ഒന്നേ കാല്‍ ഏക്കര്‍ ഭൂമിയും 10 ലക്ഷം രൂപ വിലവരുന്ന കാറും സ്ത്രീധനമായി നല്‍കിയാണ് വിവാഹം നടത്തിയത്. വിവാഹം കഴിഞ്ഞ ആദ്യ മാസം മുതല്‍ തന്നെ സ്ത്രീധനത്തെ ചൊല്ലി കിരണ്‍ പീഡിപ്പിക്കുന്നുവെന്ന് വിസ്മയ മാതാപിതാക്കളോട് പരാതി പറഞ്ഞിരുന്നു. സഹോദരന്‍ വിജിത്തിന്റെ വിവാഹത്തില്‍ കിരണ്‍ പങ്കെടുക്കാതിരിക്കുക കൂടി ചെയ്തതോടെ വിസ്മയ ഇയാളുമായി മാനസികമായി കൂടുതല്‍ അകന്നിരുന്നു.

2021 ജൂണ്‍ 12ന് വിസ്മയയെ ശാസ്താംകോട്ട ശാസ്താം നടയിലെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പിന്നാലെ കിരണിന്റെ പീഡനം കാരണമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് വിസ്മയയുടെ വാട്സ് ആപ്പ് സന്ദേശങ്ങളടക്കം നിരത്തി കുടുംബം രംഗത്തെത്തുകയും കിരണ്‍ കുമാര്‍ അറസ്റ്റിലാകുകയുമായിരുന്നു.

Hot Topics

Related Articles