തൃശൂർ : വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ തടവുകാരും ജയില്‍ ജീവനക്കാരും തമ്മില്‍ സംഘര്‍ഷം. ടിപി വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘവും വിയ്യൂര്‍ ജയിലിലെ ജീവനക്കാരുമായുള്ള തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ആക്രമണത്തില്‍ മൂന്ന് ജയില്‍ ജീവനക്കാര്‍ക്ക് പരുക്കേറ്റു.ഇന്ന് ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘം ജയില്‍ ഓഫീസില്‍ എത്തി കമ്ബി വടികള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈസമയത്ത് മൂന്ന് ഓഫീസര്‍മാരാണ് ഓഫീസില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്ക് നേരെ സംഘം അക്രമം അഴിച്ചുവിടുകയായിരുന്നു. ഓഫീസിലെ ഫര്‍ണീച്ചര്‍ അടക്കം നശിപ്പിച്ചു. പരുക്കേറ്റ മൂന്ന് ജയില്‍ ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ജില്ലാ ജയിലിലെ ഉദ്യോഗസ്ഥര്‍ കൂടി എത്തിയ ശേഷമാണ് സംഘര്‍ഷം നിയന്ത്രിക്കാനായത്.