തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖം പ്രവർത്തനമാരംഭിക്കുന്നതോടെ കേരളം ആഗോള ഭൂപടത്തില്‍ കൈവരിക്കുന്നത് അനന്ത സാധ്യതകള്‍ ! രാജ്യത്തെ ഏറ്റവും വലിയ ട്രാൻഷിപ്മെന്റ് കണ്ടെയ്നർ ടെർമിനലാകും വിഴിഞ്ഞം പോർട്ട്.അന്താരാഷ്ട്ര കപ്പല്‍ ഗതാഗത റൂട്ടില്‍ ഇന്ത്യൻ കടലോരത്ത് മദ്ധ്യഭാഗത്തു വരുന്ന പോർട്ട് ആഗോള റൂട്ടുമായി ഏറ്റവും അടുത്താണ് സ്ഥിതിചെയ്യുന്നത്. കഴിഞ്ഞ ആറുവർഷക്കാലയളവില്‍ പോർട്ടിന്റെ 90 ശതമാനത്തോളം പണി പൂർത്തിയായിക്കഴിഞ്ഞു. സാങ്കേതികവിദ്യ, യന്ത്രവത്കരണം എന്നിവയില്‍ വിഴിഞ്ഞം പോർട്ടിന് ഏറെ പ്രത്യേകതകളുണ്ട്. തുറമുഖം പ്രവർത്തനമാരംഭിക്കുന്നതോടെ വരുന്ന അഞ്ച് വർഷക്കാലയളവില്‍ പ്രത്യക്ഷമായും പരോക്ഷമായും അഞ്ചു ലക്ഷം തൊഴിലവസരങ്ങളാണ് ഇവിടെ വരാനിരിക്കുന്നത്. രാജ്യത്ത് തൊഴിലില്ലായ്മ വർദ്ധിച്ചുവരുമ്ബോള് അഭ്യസ്തവിദ്യരായ കേരളത്തിലെ യുവതീയുവാക്കള്‍ക്ക് ഇതിലൂടെ ലഭിക്കുന്ന തൊഴിലവസരങ്ങള്‍ എത്രയും വേഗത്തില്‍ പ്രാവർത്തികമാക്കാനാണ് സംസ്ഥാന ഗവണ്മെന്റ് ശ്രമിക്കുന്നത്.
അനന്ത സാധ്യതകള്‍
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലോകത്ത് ഉപരിതല, വ്യോമ ഗതാഗതത്തെ അപേക്ഷിച്ച് കടല്‍വഴിയുള്ള ഗതാഗതത്തിനും, ചരക്കു നീക്കത്തിനും 75 ശതമാനത്തോളം അധിക സാദ്ധ്യതകളുണ്ട്. ഇതിലൂടെ നിരവധി ടെക്നിഷ്യൻ, സൂപ്പർവൈസറി, മാനേജീരിയല്‍തല തൊഴിലുകള്‍ രൂപപ്പെട്ടുവരുന്നു. മാരിടൈം മേഖലയില്‍ സാങ്കേതികവിദ്യ, മാനേജ്മെന്റ്, സ്കില്‍ വികസനം എന്നിവ കൈവരിച്ചവരുടെ വലിയ ക്ഷാമം നിലനില്ക്കുന്നു. തൊഴില്‍ നൈപുണ്യത്തിന്റെ കാര്യത്തില്‍ ലഭ്യമായതും ആവശ്യമായതും തമ്മില്‍ വൻ അന്തരം നിലനില്ക്കുന്നു. ഈ രംഗത്ത് തൊഴില്‍ നൈപുണ്യമുള്ളവരുടെ എണ്ണം ആവശ്യകതയുടെ ഒരുശതമാനത്തില്‍ താഴെ മാത്രമാണ്. ഐ.ടി.ഐ, ഡിപ്ലോമ, എൻജിനിയറിംഗ് പൂർത്തിയാക്കിയവർക്ക് സാങ്കേതിക മേഖലയില്‍ യഥേഷ്ടം അവസരങ്ങള്‍ ലഭിക്കും.
ലോജിസ്റ്റിക് മാനേജ്മെന്റ്, സപ്ലൈ ചെയിൻ മാനേജ്മെന്റ്, മാരിടൈം എൻജിനിയറിംഗ്, ഷിപ് ബില്‍ഡിംഗ്, നേവല്‍ ആർക്കിടെക്ചർ, മെക്കാനിക്കല്‍ എൻജിനിയറിംഗ്, ഐ.ടി, കമ്ബ്യൂട്ടർസയൻസ് പൂർത്തിയാക്കിയവർക്ക് നിരവധി തൊഴിലവസരങ്ങളാണ് വിഴിഞ്ഞം പോർട്ടിലുള്ളത്. ഉദ്യോഗാർത്ഥികള്‍ക്ക് ആഗോളതലത്തില്‍ വിദേശ, ഇന്ത്യൻ ഷിപ്പിംഗ് കമ്ബനികളില്‍ അവസരങ്ങള്‍ ലഭിക്കും. അക്കൗണ്ടിംഗ്, മാനേജ്മെന്റ്, ബിസിനസ് ഇക്കണോമിക്സ്, ഡാറ്റാ മാനേജ്മെന്റ്, അനലിറ്റിക്സ്, ഓട്ടോമേഷൻ, ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ്, വ്യാപാര വിനിമയ കോഴ്സുകള്‍, ഫിഷറീസ് ടെക്നോളജി, സംസ്കരണം, വിപണനം, ഗുണ നിലവാരം ഉറപ്പുവരുത്തല്‍, കയറ്റുമതി എന്നിവയില്‍ മികച്ച അവസരങ്ങള്‍ മലയാളികള്‍ക്ക് ലഭിക്കും. ഇതു മനസിലാക്കി മാരിടൈം യൂണിവേഴ്സിറ്റി കോഴ്സുകള്‍ വിഴിഞ്ഞത്തുമാരംഭിക്കും. ഏതു യോഗ്യതയുള്ളവർക്കും ലഭിക്കാവുന്ന തൊഴിലുകള്‍ ഇവിടെയുണ്ടാകും. തുറമുഖത്തിനു ചുറ്റുമുള്ള മേഖലയില്‍ വിദ്യാർത്ഥികള്‍ക്ക് ഉപരിപഠന, സ്കില്‍ വികസന സൗകര്യങ്ങളുണ്ടാകും.
ഓസ്ടേലിയയിലും, യൂറോപ്യൻ രാജ്യങ്ങളിലും, കാനഡയിലും, അമേരിക്കയിലും മികച്ച തൊഴിലവസരങ്ങള്‍ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്, സാങ്കേതിക മേഖലയിലാണെന്ന് നാം അറിയേണ്ടതുണ്ട്. മാരിടൈം നിയമം, ഫിഷറീസ് & ഓഷ്യാനോഗ്രാഫിക് സ്റ്റഡീസ്, നോട്ടിക്കല്‍ സ്റ്റഡീസ്, കാലാവസ്ഥ വ്യതിയാനം, പോർട്ട് മാനേജ്മെന്റ്, പോർട്ട് ഓപ്പറേഷൻസ്, മാരിടൈം സപ്ലൈ ചെയിൻ മാനേജ്മെന്റ്, ബി.ബി.എ, എം.ബി.എ പ്രോഗ്രാമുകള്‍ തുടങ്ങി 10, 12 ക്ലാസ് പഠനം പൂർത്തിയാക്കിയവർക്കും, ബിരുദധാരികള്‍ക്കും ചെയ്യാവുന്ന നിരവധി തൊഴിലധിഷ്ഠിത കോഴ്സുകളുണ്ട്. ബിരുദധാരികള്‍ക്ക് ചെയ്യാവുന്ന നിരവധി ഓണ്‍ലൈൻ കോഴ്സുകളുമുണ്ട്. സുസ്ഥിര വികസനത്തില്‍ ഏറെ ഗവേഷണ സാദ്ധ്യതകളുമുണ്ട്. കാലത്തിന്റെ മാറ്റത്തിനനുസരിച് കേരളത്തിന്റെ വികസന ഭൂപടത്തില്‍ വിഴിഞ്ഞം പോർട്ടിലൂടെ ലഭിക്കാവുന്ന സാദ്ധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താൻ കേരളത്തിലെ പൊതുസമൂഹം തയ്യാറാകണം.