തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിര്‍മ്മാണത്തിനായി ചൈനീസ് കപ്പലില്‍ കൊണ്ടുവന്ന ക്രെയിനുകള്‍ തുടര്‍ച്ചയായ രണ്ടാംദിവസവും ഇറക്കാനായില്ല.കപ്പല്‍ ജീവനക്കാര്‍ക്ക് വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് എമിഗ്രേഷൻ ക്ലിയറൻസ് ലഭിക്കാത്തതാണ് പ്രധാന തടസം. ക്യാപ്ടനുള്‍പ്പെടെ കപ്പലിലെ 30 ജീവനക്കാരും ചൈനക്കാരാണ്. ക്രെയിൻ ഇറക്കാൻ ഇവരുടെ സഹായം കൂടി വേണം.
എമിഗ്രേഷൻ ക്ലിയറൻസ് ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് കപ്പലില്‍നിന്ന് പുറത്തിറങ്ങാൻ പറ്റിയിട്ടില്ല. ക്രെയിൻ നിര്‍മ്മിച്ച കമ്ബനിയുടെ ഇന്ത്യയിലെ ജീവനക്കാരും തുറമുഖത്തെത്തിയിട്ടുണ്ട്. കാലാവസ്ഥയാണ് ക്രെയിൻ ഇറക്കുന്നതിലെ മറ്റൊരു ഘടകം. എമിഗ്രേഷൻ ക്ലിയറൻസ് ലഭിക്കാൻ ശ്രമം നടത്തുന്നുണ്ടെന്ന് അദാനി ഗ്രൂപ്പ് വൃത്തങ്ങള്‍ പറഞ്ഞു. മൂന്ന് ക്രെയിനുകള്‍ ഇറക്കാനുള്ള തയ്യാറെടുപ്പുകള്‍ തിങ്കളാഴ്ച പൂര്‍ത്തിയാക്കിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൊവിഡ് സമയത്ത് വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിന് പ്രത്യേക അനുമതി ലഭിച്ചിരുന്നു. അങ്ങനെയുള്ള അനുമതിക്കായാണ് ശ്രമം തുടരുന്നത്. ക്രെയിൻ ഇറക്കിയതിന് ശേഷം 20 നോ, 21നോ ഷെൻ ഹുവ 15ന് മടങ്ങണം. ക്രെയിൻ കൊണ്ടുവന്നത് ആഘോഷമമാമാങ്കം നടത്തിയെന്ന തരത്തില്‍ പ്രതിപക്ഷം സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിനിടെയാണ് പുതിയ അനിശ്ചിതത്വം. ഇമിഗ്രേഷൻ ക്ലിയറൻസിനായുള്ള സമ്മര്‍ദ്ദം സര്‍ക്കാരും അദാനി ഗ്രൂപ്പും ശക്തമാക്കിയിട്ടുണ്ട്.