തിരുവനന്തപുരം : വിഴിഞ്ഞം സമരത്തിന് പരിഹാരം കാണുവാൻ നേരിട്ടിറങ്ങി സി.പി.എം. വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ സമരം നടത്തുന്നവരുമായി ചര്‍ച്ചക്കൊരുങ്ങിയിരിക്കുകയാണ് സി.പി.എം. ഇന്ന് വൈകുന്നേരം മൂന്നരക്ക് സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് എ.കെ.ജി സെന്ററില്‍ വെച്ച് ചര്‍ച്ച നടത്തും. കഴിഞ്ഞ ദിവസം വിഴിഞ്ഞം സമരസമിതിയുമായി മന്ത്രിസഭാ ഉപസമിതി നടത്തിയ ചര്‍ച്ചയിലും സമവായം ആയിരുന്നില്ല. തുടര്‍ന്നാണ് പാര്‍ട്ടി തലത്തില്‍ ഇടപെടാന്‍ തീരുമാനമായത്. ഉന്നയിച്ച ആവശ്യങ്ങളില്‍ വ്യക്തമായ ഉറപ്പ് കിട്ടിയില്ലെന്നാണ് കഴിഞ്ഞ ദിവസം സമരസമിതി പ്രതികരിച്ചത്.
തുഖമുഖ നിര്‍മ്മാണം നിര്‍ത്തി വെക്കില്ലെന്നും സമവായ നിര്‍ദ്ദേശങ്ങളില്‍ തിങ്കളാഴ്ച നിലപാട് അറിയിക്കാമെന്ന് ലത്തീന്‍ സഭയെ അറിയിച്ചെന്നുമാണ് സര്‍ക്കാരിന്റെ പ്രതികരണം. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് ഇത് ആറാം തവണയാണ് മന്ത്രിമാരും സമരസമിതിയും തമ്മില്‍ ചര്‍ച്ച നടക്കുന്നത് . ഏഴ് ആവശ്യം ഉന്നയിച്ച് നടത്തുന്ന സമരം ഒരു മാസം പിന്നിടുകയാണ്. സമഗ്ര പുനരധിവാസത്തിനും വീട് നഷ്ടപ്പെട്ടവരെ അടിയന്തരമായി വാടക വീടുകളിലേക്ക് മാറ്റാനും സര്‍ക്കാര്‍ പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യത്തില്‍ സമരക്കാര്‍ ഉറച്ച് നില്‍ക്കുകയാണ്.