തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ സമരത്തില്‍ നിലപാട് കടുപ്പിച്ച് ലത്തീന്‍ അതിരൂപത. സമരത്തിന്റെ പ്രാധാന്യമറിയിച്ചുള്ള ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുടെ സര്‍ക്കുലര്‍ ഇന്ന് കുര്‍ബാന മധ്യേ പള്ളികളില്‍ വായിക്കും.സമരവുമായി മുന്നോട്ട് പോകണമെന്നും പിന്തിരിപ്പിക്കാനും വിഭജിക്കാനുമുള്ള ശ്രമങ്ങളില്‍ വീണുപോകരുതെന്നും സര്‍ക്കുലറില്‍ പറയുന്നു.
അതേ സമയം പ്രശ്‌നപരിഹാര ചര്‍ച്ചകള്‍ക്കായി മന്ത്രിമാരായ വി അബ്ദുറഹ്മാനും ആന്റണി രാജുവും ഇന്നും യോഗം ചേരും. ശേഷം സമരസമിതി നേതാക്കളുമായും മന്ത്രിമാര്‍ കൂടിക്കാഴ്ച്ച നടത്തിയേക്കും. വേഗത്തില്‍ സമവായം സാധ്യമാക്കാനാണ് മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി നല്‍കിയ നിര്‍ദേശം.തുറമുഖ സമരത്തിന്റെ 13ാം ദിവസമായ ഇന്ന് ശാന്തിപുരം, പുതുക്കുറുച്ചി, താഴംപള്ളി, പൂത്തുറ ഇടവകകളുടെ നേതൃത്വത്തിലാണ് റാലിയും ഉപരോധവും നടക്കുക.