തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവും കപ്പലും കാണാനായി പാറയിൽ കയറി നിൽക്കവെ തിരയടിച്ച് കടലിൽ വീണു യുവാവിനെ കാണാതായി. ചൊവ്വര എസ്.ബി.ഐ. റോഡിന് സമീപം അജേഷ് ഭവനിൽ അനിലിന്റെയും ബീനയുടെയും മകനായ അജേഷിനെ(26) ആണ് കാണാതായത്. പുളിങ്കുടി എ.ആർ ക്യാമ്ബിന് സമീപത്തെ സ്വകാര്യ റിസോർട്ടിന് താഴെയുളള കടൽത്തീരത്തെ ആവണങ്ങപാറയിൽ നിന്നാണ് യുവാവ് വീണത്. കുടുംബത്തോടൊപ്പം വിനോദ യാത്രയ്ക്കെത്തിയതായിരുന്നു യുവാവ്.
ഞായറാഴ്ച വൈകിട്ട് ആറോടെയാണ് അപകടം. കാണാതായ അജേഷും ഭാര്യ പ്രീതയും രണ്ട് മക്കളും, സുഹൃത്തും പൂവാർ കരിച്ചൽ സ്വദേശിയുമായ രാജേഷും രണ്ട് മക്കളുമായാണ് പുളിങ്കുടി കടൽത്തീരത്തെ ആവണങ്ങ പാറയിലെത്തിയത്. ഇവിടെ നിന്ന് വിഴിഞ്ഞം തുറമുഖം വ്യക്തമായി കാണാനാകും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് മറ്റുള്ളവരോട് കരഭാഗം ചേർന്നുളള പാറപ്പുറത്ത് നിന്ന് തുറമുഖം കാണാൻ പറഞ്ഞശേഷം അജേഷ് ആവണങ്ങ പാറയിലെ കടലിലേക്കുളള മറ്റൊരു പാറയിലേക്ക് കയറി. ഈ സമയത്ത് പെട്ടെന്ന് എത്തിയ തിരയടിച്ച് അജേഷ് കടലിലേക്ക് വീണു. രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും തിരയിൽപ്പെട്ട് കാണാതാവുകയായിരുന്നുവെന്ന് രാജേഷ് പറഞ്ഞു.
അജേഷിനെ കാണാതായതിനെ തുടർന്ന് ഇവർ വിഴിഞ്ഞം പോലീസിൽ വിവരമറിയിച്ചു. തുടർന്ന് വിഴിഞ്ഞം പോലീസും കോസ്റ്റൽ പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. ഫിഷറീസിന്റെ മറൈൻ എൻഫോഴ്സ്മെന്റും കോസ്റ്റൽ പോലീസിന്റെ ബോട്ടും സംഭവ സ്ഥലതെത്തി തിരച്ചിൽ നടത്തുന്നുണ്ട്. സംഭവത്തിൽ വിഴിഞ്ഞം പോലീസ് കേസെടുത്തു.