മോസ്കോ: മൂന്നരവർഷമായിത്തുടരുന്ന യുക്രൈൻയുദ്ധം അവസാനിപ്പിക്കാൻ വഴിയൊരുങ്ങുമെന്ന പ്രത്യാശയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കാണ് ലോകമൊന്നാകെ ഉറ്റുനോക്കുന്നത്.
വെള്ളിയാഴ്ച അലാസ്കൻ നഗരമായ ആങ്കറേജിന്റെ വടക്കേയറ്റത്ത് സ്ഥിതിചെയ്യുന്ന യുഎസിന്റെ ജോയിന്റ് ബേസ് എല്‍മെൻഡോർഫ്-റിച്ചാർഡ്സണ്‍ (ജെബിഇആർ) സേനാതാവളത്തില്‍ നടക്കുന്ന ട്രംപ്-പുതിൻ ഉച്ചകോടിയ്ക്ക് കനത്ത സുരക്ഷവലയമാണ് ഒരുക്കിയിരിക്കുന്നത്.
റഷ്യയില്‍ നിന്ന് ആയിരം മൈലില്‍ താഴെ ദൂരമുള്ള, ശീതയുദ്ധകാലത്തെ ഒരു നിരീക്ഷണ കേന്ദ്രമായിരുന്ന ഈ ബേസ്, നിയന്ത്രിത വ്യോമാതിർത്തിയും, സുരക്ഷിതമായ ഗേറ്റുകളും, സൈനിക യൂണിറ്റുകളിലേക്ക് തല്‍ക്ഷണ പ്രവേശനവും ഉറപ്പാക്കുന്നു. മുമ്ബ് ആങ്കറേജ്, മാർപ്പാപ്പയ്ക്കും മുൻ പ്രസിഡന്റ് റൊണാള്‍ഡ് റീഗനും ആതിഥേയത്വം വഹിച്ചിട്ടുണ്ടെങ്കിലും ഈ ഉച്ചകോടി നഗരത്തില്‍ സംഭവിക്കുന്ന ഏറ്റവും വലിയ കാര്യങ്ങളില്‍ ഒന്നാണെന്ന് അലാസ്ക ഗവർണർ മൈക്ക് ഡണ്‍ലീവി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരു ഉഭയകക്ഷി യോഗത്തില്‍, ഒരു നേതാവിന് ലഭിക്കുന്ന എല്ലാ പരിഗണനകളും അടുത്ത നേതാവിനും ലഭ്യമാക്കണമെന്ന് പരസ്പര ധാരണാ നിയമങ്ങള്‍ പാലിക്കുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പുതിന്റെ നീക്കങ്ങളെ റഷ്യൻ സുരക്ഷാ ഉദ്യോഗസ്ഥർ നിയന്ത്രിക്കുമ്ബോള്‍ യുഎസ് സീക്രട്ട് സർവീസ് പുറത്തൊരു സുരക്ഷാ വലയം തീർക്കും. ഇരുവിഭാഗവും പരസ്പരം കാറിന്റെ വാതില്‍ തുറക്കുകയോ മറ്റുള്ളവരുടെ വാഹനങ്ങളില്‍ യാത്ര ചെയ്യുകയോ ചെയ്യില്ല. യോഗം നടക്കുന്ന മുറിക്ക് പുറത്ത് 10 യുഎസ് ഏജന്റുമാരുണ്ടെങ്കില്‍, മറുവശത്ത് 10 റഷ്യൻ ഏജന്റുമാരും നില്‍ക്കും. തുല്യമായ ആളുകള്‍, തോക്കിന് തോക്ക് എന്ന നിലയില്‍ തുല്യമായിരിക്കും. ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികള്‍ റിപ്പോർട്ട് ചെയ്യുന്നു. ഈ തുല്യത നേതാക്കന്മാരുടെ വാഹനവ്യൂഹം മുതല്‍ പരിഭാഷകരുടെ ഇരിപ്പിടം വരെ നീളും. പൂർണ്ണമായ സുരക്ഷാ പദ്ധതിക്ക് റഷ്യ ഔദ്യോഗികമായി അംഗീകാരം നല്‍കുന്നതിനായി യുഎസ് സീക്രട്ട് സർവീസ് ഇപ്പോഴും കാത്തിരിക്കുകയാണെന്ന് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
ജെബിഇആർ വേദി
അലാസ്കൻനഗരമായ ആങ്കറേജിന്റെ വടക്കേയറ്റത്ത് സ്ഥിതിചെയ്യുന്ന യുഎസിന്റെ ജോയിന്റ് ബേസ് എല്‍മെൻഡോർഫ്-റിച്ചാർഡ്സണ്‍ (ജെബിഇആർ) സേനാതാവളമാണ് ചരിത്രപരമായ ട്രംപ്-പുതിൻ ഉച്ചകോടിയുടെ വേദി. റഷ്യയില്‍നിന്ന് 1867-ല്‍ യുഎസ് വാങ്ങിയപ്രദേശമാണ് അലാസ്ക. യുഎസിന്റെ ആർട്ടിക് കേന്ദ്രീകരിച്ചുള്ള ദൗത്യങ്ങള്‍ നടത്തുന്നത് ഈ താവളം കേന്ദ്രീകരിച്ചാണ്. റഷ്യൻസംഘത്തെ സേനാതാവളത്തില്‍ സ്വീകരിക്കുന്നതിനെ തുടക്കത്തില്‍ യുഎസ് എതിർത്തിരുന്നെങ്കിലും അതിസുരക്ഷാമാനദണ്ഡങ്ങളെല്ലാം ജെബിഇആറില്‍ പാലിക്കപ്പെടുമെന്നുള്ളതിനാല്‍ പിന്നീട് സമ്മതിക്കുകയായിരുന്നു. നേരത്തേ ജുനാവു, ഫെയർബാങ്ക്സ്, ആങ്കറേഡ് നഗരങ്ങളാണ് വേദിക്കായി പരിഗണിച്ചിരുന്നത്. ചില അലാസ്കക്കാർ തങ്ങളുടെ സ്വകാര്യവസതികള്‍പോലും കൂടിക്കാഴ്ചയ്ക്ക് വിട്ടുനല്‍കാൻ സന്നദ്ധരായിരുന്നു. യുക്രൈൻയുദ്ധത്തിന്റെ പേരില്‍ പുതിൻ അന്താരാഷ്ട്രകോടതിയുടെ അറസ്റ്റുവാറന്റ് നേരിടുന്നതിനാല്‍ മൂന്നാമതൊരു രാജ്യം ചർച്ചയ്ക്ക് വേദിയാക്കുകയും അത്ര എളുപ്പമായിരുന്നില്ല.
ജനുവരിയില്‍ അധികാരത്തിലെത്തിയശേഷം തുടക്കത്തില്‍ യുക്രൈനില്‍നിന്നകന്നും റഷ്യയോടു ചാഞ്ഞുമുള്ള സമീപനമാണ് ട്രംപ് സ്വീകരിച്ചിരുന്നത്. പുതിനെ സുഹൃത്താണെന്നുപറഞ്ഞ് പല അവസരങ്ങളിലും പുകഴ്ത്തി. സെലെൻസ്കിയെ മെരുക്കാനാണ് പാടെന്നും പുതിന് കാര്യങ്ങള്‍ മനസ്സിലാകുമെന്നും പറഞ്ഞു. യുഎസ് നല്‍കുന്ന സഹായത്തിന് വേണ്ടത്ര നന്ദികാണിക്കുന്നില്ലെന്നുപറഞ്ഞ് ധാതുക്കരാർ ചർച്ചയ്ക്ക് വൈറ്റ്ഹൗസിലെത്തിയ സെലെൻസ്കിയെ ട്രംപ് അപമാനിച്ച് ഇറക്കിവിട്ടു. യുഎസ് സഹായത്തിനുള്ള പ്രതിഫലമായി യുക്രൈന്റെ ധാതുസമ്ബത്തിന്റെ പാതിയവകാശം യുഎസിന് നല്‍കുന്ന കരാറില്‍ നിർബന്ധപൂർവം യുക്രൈനെ ഒപ്പിടീച്ചു. എന്നാല്‍, വെടിനിർത്താനുള്ള തന്റെ സമ്മർദതന്ത്രം പുതിന്റെ കലത്തില്‍ വേവുന്നില്ലെന്നായതോടെ ചുവടുമാറ്റി. പുതിന് യുക്രൈൻകാരെ കൊല്ലുന്നത് തുടരാനാണ് ഇഷ്ടമെന്നുപോലും പറഞ്ഞു. റഷ്യക്കുമേല്‍ കൂടുതല്‍ ഉപരോധഭീഷണി മുഴക്കി.
യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ജനുവരിക്കുശേഷം പുതിനുമായി അഞ്ചുതവണ ട്രംപ് ഫോണില്‍ സംസാരിച്ചിട്ടുണ്ട്. സമാധാനക്കരാറിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാൻ പുതിന് തുടക്കത്തില്‍ ട്രംപ് 50 ദിവസത്തെ സാവകാശം നല്‍കിയിരുന്നു. എന്നാല്‍, അതിനിടെ യുക്രൈനില്‍ റഷ്യ ആക്രമണം കടുപ്പിച്ചതോടെ അത് 10 ദിവസമായി ചുരുക്കി. ഈ കാലാവധി കഴിഞ്ഞവെള്ളിയാഴ്ച അവസാനിച്ചതോടെയാണ് കൂടിക്കാഴ്ചയ്ക്ക് വഴിയൊരുങ്ങിയത്.
യുദ്ധം തുടങ്ങിയശേഷം യുക്രൈനില്‍നിന്ന് നിയമവിരുദ്ധമായി റഷ്യ പിടിച്ചെടുത്ത ഡൊണെറ്റ്സ്ക്, ലുഹാൻസ്ക്, ഹെർസോണ്‍, സപൊറീഷ എന്നീ നാല് പ്രവിശ്യകളും 2014-ലെ യുദ്ധത്തില്‍ പിടിച്ചെടുത്ത ക്രൈമിയയും അവർക്ക് വിട്ടുകൊടുക്കില്ലെന്നാണ് യുക്രൈന്റെ നിലപാട്. അതിനെ യൂറോപ്യൻ സഖ്യകക്ഷികളും പിന്തുണയ്ക്കുന്നു. എന്നാല്‍, ഇവ മടക്കിനല്‍കില്ലെന്ന നിലപാടിലാണ് പുതിനും. മാത്രമല്ല, യുക്രൈൻ നാറ്റോപ്രവേശനശ്രമം ഉപേക്ഷിച്ചാലേ സമാധാനകരാറിലെത്തൂവെന്നും ശഠിക്കുന്നു. അതേസമയം, യുക്രൈന്റെ രണ്ടുപ്രവിശ്യകളുള്‍പ്പെടെ റഷ്യയും യുക്രൈനും ചിലപ്രവിശ്യകള്‍ പരസ്പരം വെച്ചുമാറാനുള്ള കരാർനിർദേശങ്ങളാണ് യുഎസ് മുന്നോട്ടുവെക്കുകയെന്നാണ് സൂചന.