എടത്വ : വ്യാപാര സ്ഥാപനങ്ങളിലെത്തുന്ന ഉപഭോക്താക്കളുടെ വാഹനങ്ങള്‍ക്ക് പെറ്റി കേസ് ചുമത്തുന്ന നടപടി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാര വ്യവസായ സമിതി എടത്വ യൂണിറ്റും എടത്വ പോലീസില്‍ നിവേദനം നല്കി. തലവടി, തകഴി, എടത്വ പഞ്ചായത്തിലെ ഉപഭോക്താക്കള്‍ എടത്വ ടൗണിലാണ് സാധനങ്ങള്‍ വാങ്ങാനായി ആശ്രയിക്കുന്നത്.
കൂടാതെ ജല അതോറിറ്റി, ഇലക്ട്രിസിറ്റി, എല്‍.ഐ.സി, പഞ്ചായത്ത്, വില്ലേജ് എന്നീ സര്‍ക്കാര്‍ ഓഫീസുകളും വിവിധ ബാങ്കുകളുടെ ശാഖയും ടൗണിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ എത്തുന്ന ആളുകള്‍ കടയുടെ അരുകില്‍ വാഹനം പാര്‍ക്ക് ചെയ്ത ശേഷമാണ് സാധനങ്ങള്‍ വാങ്ങുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കടയില്‍ നിന്നും മടങ്ങി വരുമ്പോള്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തതിന് പോലീസ് കനത്ത പിഴ ചുമത്തുന്ന പ്രവണത വര്‍ദ്ധിക്കുകയാണ്. പിഴ ഈടാക്കുന്നതിനാല്‍ ടൗണിലെ കച്ചവട സ്ഥാപനങ്ങളില്‍ കയറാന്‍ ഉപഭോക്താക്കള്‍ മടിക്കുകയാണ്.
ലക്ഷങ്ങള്‍ കെട്ടിവെച്ച് ആയിരങ്ങള്‍ മാസവാടക നല്‍കിയും വൈദ്യുതി-വെള്ളക്കര ബില്‍ അടച്ചും പഞ്ചായത്തില്‍ ടാക്സ് നല്‍കിയും ടൗണില്‍ കച്ചവട സ്ഥാപനങ്ങള്‍ നടത്തുന്ന ഉടമകള്‍ക്ക് ഇതുമൂലം കനത്ത തിരിച്ചടിയാണ് നേരിടുന്നത്. സ്വകാര്യ പാര്‍ക്കിംഗ് ഏരിയ ഉണ്ടെങ്കിലും പണം കൊടുത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് കച്ചവട സ്ഥാപനങ്ങളില്‍ എത്താന്‍ ഒട്ടുമിക്ക ഉപഭോക്താക്കളും തയ്യാറാകുന്നില്ല.
ഇതിനാല്‍ കച്ചവടം നാള്‍ക്കുനാള്‍ കുറഞ്ഞുവരുകയാണെന്ന് കച്ചവട ഉടമകള്‍ പറയുന്നു. അനാവശ്യ പിഴ ചുമത്തലിന് ശാശ്വത പരിഹാരം ഉണ്ടാകണമെന്നാവശ്യപ്പെട്ടാണ് എടത്വയിലെ വ്യാപാരികള്‍ പോലീസില്‍ നിവേദനം നല്‍കിയത്. വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളന സ്വാഗത സംഘ ഓഫീസില്‍ ചേര്‍ന്ന പ്രതിഷേധ യോഗം തകഴി ഏരിയ പ്രസിഡന്റ് കെ.ആര് ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഒ.വി. ആന്റണി അധ്യക്ഷത വഹിച്ചു. കെ.എം മാത്യൂ, ഡോ. ജോണ്സണ് വി. ഇടിക്കുള, ജയ്മി ജോസ്, പി.സി. ചെറിയാന്, കെ.ആര്. വിനീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.