ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്‍ പാസാകുന്നതോടെ കേരള നിയമസഭ പാസാക്കിയ പ്രമേയം അറബിക്കടലില്‍ കളയേണ്ടിവരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി എം.പി.വഖഫ് ഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ സി.പി.എം എം.പി കെ. രാധാകൃഷ്ണന്റെ പ്രസംഗത്തിന് മറുപടിയായാണ് സുരേഷ് ഗോപിയുടെ വിമർശനം. രാധാകൃഷ്ണന്റെ പ്രസംഗത്തില്‍ സുരേഷ് ഗോപിയുടെ പേര് പരാമർശിച്ചതില്‍ ക്ഷുഭിതനായായിരുന്നു സുരേഷ് ഗോപി മറുപടി പറഞ്ഞത്.
വഖഫ് ഭേദഗതി ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കിയതിനെയാണ് സുരേഷ് ഗോപി രൂക്ഷമായി വിമര്‍ശിച്ചത്. വഖഫ് ഭേദഗതി ബില്ലിലൂടെ സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്നാണ് കെ.രാധാകൃഷ്ണൻ എം.പി ലോക്സഭയില്‍ പറഞ്ഞത്. 1987-ല്‍ ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട് നടന്ന സമരത്തെക്കുറിച്ച് പറയുന്നതിനിടെയാണ് ‘ബഹുമാനപ്പെട്ട മന്ത്രി സുരേഷ് ഗോപി ഇക്കാര്യം ശ്രദ്ധിക്കുന്നുണ്ടെ’ന്ന് കെ. രാധാകൃഷ്ണന്‍ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സുരേഷ് ഗോപിയുടെ പേര് പരാമര്‍ശിച്ചതിനെത്തുടര്‍ന്ന് ചെയറിലുണ്ടായിരുന്ന ദിലീപ് സൈകിയ, അദ്ദേഹത്തിന് എന്തെങ്കിലും വിശദീകരിക്കാനുണ്ടോയെന്ന് ചോദിച്ചു. ആവശ്യമില്ലാതെയാണ് തന്റെ പേര് ഇപ്പോള്‍ വലിച്ചിഴച്ചതെന്ന് പറഞ്ഞ സുരേഷ് ഗോപി കേരള നിയമസഭയില്‍ പാസാക്കിയ പ്രമേയം അറബിക്കടലില്‍ മുങ്ങിപ്പോകുമെന്ന് മറുപടി പറയുകയായിരുന്നു.
അതേസമയം, മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കുകയാണു വഖഫ് ബില്ലിലൂടെ കേന്ദ്ര സർക്കാരിന്റെ അജണ്ടയെന്ന് കെ.സി.വേണുഗോപാല്‍ എംപി ആരോപിച്ചു. ന്യൂനപക്ഷത്തിന് എതിരല്ല ബില്ലെന്ന് കിരണ്‍ റിജിജു പറയുന്നതു കുറ്റബോധം കാരണമാണ്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി രാജ്യത്തെ വിഭജിക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.