കോഴിക്കോട്: വഖഫ് ഭേദഗതി ബില്ലിനെതിരെ മുസ്ലീം ലീഗ് സുപ്രീം കോടതിയെ സമീപിക്കും. ഇന്നലെ ചേര്‍ന്ന മുസ്ലീം ലീഗ് ദേശീയ നേതൃയോഗത്തിന്റെതാണ് തീരുമാനം.ബില്ലിന്റെ ഭരണഘടനാ വിരുദ്ധത ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിക്കുക. ഇതിന്റെ ഭാഗമായി ഏപ്രില്‍ 16ന് കോഴിക്കോട് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിക്കും.
ഡല്‍ഹിയിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. പ്രക്ഷോഭങ്ങളുടെ തീയതി പിന്നീട് പ്രഖ്യാപിക്കും. മതസ്വാതന്ത്ര്യത്തിന്റെ നഗ്‌നമായ ലംഘനമാണ് ബില്ലിലൂടെ സര്‍ക്കാര്‍ നടപ്പാക്കിയതെന്ന് യോഗം വിലയിരുത്തി. സുപ്രീംകോടതിയെ സമീപിക്കാന്‍ ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയെയും ലീഗ് എംപിമാരെയും ചുമതലപ്പെടുത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കും വോട്ടെടുപ്പിനുമൊടുവില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് ബില്‍ ലോക്‌സഭ പാസാക്കിയത്. പിന്നാലെ രാജ്യസഭയും പാസാക്കി. ലോക്‌സഭയില്‍ 520 അംഗങ്ങളില്‍ 288 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 232 പേര്‍ എതിര്‍ത്തു. കേരളത്തില്‍നിന്ന് സുരേഷ് ഗോപി ഒഴികെ 18 അംഗങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തു. പ്രിയങ്ക ഗാന്ധി വിദേശത്തായിരുന്നതിനാല്‍ ഹാജരായില്ല. രാജ്യസഭയില്‍ 128 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 95 പേര്‍ എതിര്‍ത്തു.
1995ലെ വഖഫ് നിയമത്തിലാണ് ഭേദഗതി. ഓഗസ്റ്റില്‍ ബില്‍ അവതരിപ്പിച്ച ശേഷം സംയുക്ത പാര്‍ലമെന്ററി സമിതിയുടെ പരിഗണനയ്ക്കു വിട്ടിരുന്നു. ജെപിസിയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് പരിഷ്‌കരിച്ച ബില്‍ ആണ് ലോക്‌സഭയും പിന്നാലെ രാജ്യസഭയും പാസാക്കിയത്. കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജുവാണ് ബില്‍ അവതരിപ്പിച്ചത്.