ന്യൂഡല്‍ഹി: സഭയില്‍ അവതരിപ്പിച്ച വഖഫ് ബോര്‍ഡ് ഭേദഗതി ബില്ല് സംയുക്ത പാര്‍ലമെന്ററി സമിതി(ജെപിസി)യുടെ പരിശോധനക്ക് വിട്ടു. ബില്ലിനെ എതിര്‍ത്ത പ്രതിപക്ഷത്തിന് മറുപടിയുമായി കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി കിരണ്‍ റിജിജു സംസാരിച്ചിരുന്നു. അമുസ്‌ലിമായ തന്റെ ഏറ്റവും വലിയ ഭാഗ്യമാണ് വഖഫ് ഭേദഗതി ബില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്റ് അംഗങ്ങളെ അവരുടെ മതവുമായി ചേര്‍ത്ത് അഭിസംബോധന ചെയ്യുന്നത് ശരിയല്ല. വഖഫ് ബോര്‍ഡില്‍ വിവിധ മതസ്ഥര്‍ അംഗങ്ങളാവണമെന്നല്ല ബില്ലില്‍ പറയുന്നത്. ഒരു എംപിയും ബോര്‍ഡില്‍ അംഗമാവണമെന്നാണ് നിര്‍ദ്ദേശം. ഒരു എംപിയോ ഹിന്ദുവോ ക്രിസ്ത്യാനിയോ ആയാല്‍ എന്തുചെയ്യാന്‍ കഴിയും? എംപിയായത് കൊണ്ട് വഖഫ് ബോര്‍ഡില്‍ അംഗമാക്കപ്പെട്ട അദ്ദേഹത്തിന്റെ മതം മാറ്റാന്‍ കഴിയുമോയെന്നും കിരണ്‍ റിജിജു ചോദിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രതിപക്ഷം മുസ്‌ലിങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി വരെ വിവിധ മുസ്‌ലിം പ്രതിനിധി സംഘം തന്നെ വന്നു കണ്ടു. വഖഫ് ബോര്‍ഡുകള്‍ മാഫിയകള്‍ കീഴടക്കിയെന്ന് പല എംപിമാരും തന്നോട് പറഞ്ഞു. ബില്ലിനെ വ്യക്തിപരമായി അനുകൂലിക്കുന്നെങ്കിലും പാര്‍ട്ടിയുടെ നിലപാട് അല്ലാത്തതിനാല്‍ അത് പറയാന്‍ സാധിക്കുന്നില്ലെന്ന് പല എംപിമാരും തന്നോട് പറഞ്ഞു. പല തട്ടുകളില്‍ രാജ്യവ്യാപകമായി കൂടിയാലോചനകള്‍ നടത്തിയ ശേഷമാണ് ബില്‍ കൊണ്ടുവന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
കോണ്‍ഗ്രസിന് സാധിക്കാത്തത് നിറവേറ്റാനാണ് ബില്‍ കൊണ്ടുവന്നത്. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് പ്രതിപക്ഷം ബില്ലിനെ എതിര്‍ക്കുന്നത്. ഏതെങ്കിലും മതത്തിന്റെ ഭരണസംവിധാനങ്ങളില്‍ ഇടപെടാനല്ല ബില്‍ കൊണ്ടുവരുന്നത്. ബില്ലും അതിനെ എതിര്‍ത്തവരും പിന്തുണച്ചവരും ചരിത്രത്തിന്റെ ഭാഗമാവും. ബില്ലിനെ എതിര്‍ക്കും മുമ്പ് ആയിരക്കണക്കിന് സാധാരണക്കാരേയും സ്ത്രീകളെയും കുട്ടികളെയും കുറിച്ച് ഓര്‍ക്കണം, അവരെ ആദരിക്കണമെന്നും കിരണ്‍ റിജിജു പറഞ്ഞു.
അതേ സമയം ബില്ല് ജെപിസിക്ക് വിട്ടതിനെ പ്രതിപക്ഷ എംപിമാര്‍ സ്വാഗതം ചെയ്തു. ജെപിസിക്ക് വിട്ടത് സ്വാഗതം ചെയ്യുന്നുവെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. ജെപിസിക്ക് വിട്ടത് പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നതിന്റെ ഫലം. സ്പീക്കര്‍ ഉദാരമായ സമീപനം സ്വീകരിച്ചു. അവതരണ സമയത്ത് തന്നെ എതിര്‍പ്പ് അറിയിക്കാന്‍ കഴിഞ്ഞു. ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയ്ക്കും മത-ന്യൂനപക്ഷ അവകാശങ്ങളുടെ ലംഘനമാണ് ബില്‍.
എല്ലാ അധികാരങ്ങളും കവര്‍ന്ന് സര്‍ക്കാര്‍ എടുക്കുകയാണ്. ബോര്‍ഡിന്റെ അധികാരങ്ങള്‍ വെട്ടിച്ചുരുക്കുകയാണ് ബില്ലില്‍. സര്‍വേ അടക്കമുള്ള അധികാരങ്ങള്‍ സര്‍ക്കാരിലേക്ക് പോവുകയാണ്. രണ്ട് അമുസ്ലിങ്ങളാകണം എന്ന് പറയുന്നു. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുസ്ലിമായിരിക്കണം എന്നത് മാറ്റി. ഇഷ്ടമുള്ളവരെ തിരുകിക്കയറ്റാന്‍ ബി ജെപി ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബില്‍ ജെപിസിക്ക് വിടാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു. ബില്‍ നിയമയായി അവതരിപ്പിക്കാന്‍ അധികാരമില്ല. മതപരമായ അവകാശങ്ങള്‍ക്ക് മേലുള്ള കടന്ന് കയറ്റമാണ്. വഖഫ് ബോര്‍ഡ് അപ്രസക്തമാകുന്നു. എല്ലാ അധികാരവും സര്‍ക്കാരില്‍ എത്തിക്കാന്‍ ശ്രമിക്കുന്നു. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് നിയമ നിര്‍മ്മാണം. ജെപിസിക്ക് വിട്ടത് പ്രതിപക്ഷം നടത്തിയ പോരാട്ടത്തിന്റെ ഫലമെന്നും അദ്ദേഹം പറഞ്ഞു