“ശത്രുവിന് തക്കതായ ശിക്ഷ നൽകി”; 12 ദിവസം നീണ്ടുനിന്ന ഇസ്രയേലുമായുള്ള യുദ്ധം അവസാനിച്ചെന്നാണ് ഇറാൻ

ടെഹ്റാൻ: യുദ്ധം അവസാനിച്ചെന്ന് ഇറാൻ. 12 ദിവസം നീണ്ടുനിന്ന ഇസ്രയേലുമായുള്ള യുദ്ധം അവസാനിച്ചെന്നാണ് ഇറാൻ പ്രസിഡന്റ് അറിയിച്ചത്. ശത്രുവിന് തക്കതായ ശിക്ഷ നൽകി. ഇറാനെ എതിര്‍ത്താൽ കനത്ത പിഴ നൽകേണ്ടി വരുമെന്ന് ലോകം തിരിച്ചറിഞ്ഞുവെന്നും ഇറാന്റെ കരുത്ത് സഹോദര രാജ്യങ്ങൾക്കായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Advertisements

അതേസമയം, ഇസ്രയേലുമായുള്ള വെടിനിർത്തൽ കരാർ ലംഘിച്ചെന്ന ആരോപണം ഇറാൻ നിഷേധിച്ചു. വെടിനിർത്തൽ ധാരണയ്ക്ക് പിറകെ ഇറാനിൽ നിന്ന് മിസൈൽ ആക്രമണം ഉണ്ടായതായി ഇസ്രയേൽ അറിയിച്ചിരുന്നു. തുടർന്ന് ഇസ്രയേലിൽ മുന്നറിയിപ്പ് സൈറണ്‍ മുഴക്കി. ആക്രമണത്തിനെതിരെ തിരിച്ചടിക്കാൻ പ്രതിരോധമന്ത്രി നിർദേശം നൽകുകയും ചെയ്തു. അതേസമയം, ഇറാൻ മിസൈൽ അയച്ചതിനു തെളിവില്ലെന്ന് ഇറാൻ മാധ്യമങ്ങൾ വ്യക്തമാക്കി. ആക്രമിച്ചാൽ തിരിച്ചടി ഉണ്ടാകുമെന്നും ഇസ്രയേൽ ഇന്നലെ ആക്രമിച്ച ഇവിൻ തടവറയിൽ നിന്നുള്ള തടവുകാരെ ജയിൽ മാറ്റിയെന്നും ഇറാൻ മാധ്യമങ്ങൾ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിന് അയവ് വന്ന സാഹചര്യത്തിൽ ​ഗൾഫ് രാജ്യങ്ങളിലുണ്ടായ ഭീതി ഒഴിയുകയാണ്. പൂർവസ്ഥിതിയിൽ സർവീസ് തുടങ്ങി എന്ന് ഒമാൻ എയർ അറിയിച്ചു. ചെറിയ വൈകലുകൾ മാത്രമാണ് നേരിടുന്നത്. യാത്രക്കാർക്ക് എല്ലാ പിന്തുണയും നൽകുന്നുവെന്നും ഒമാൻ എയർ അറിയിച്ചു. 12 ദിവസം നീണ്ട ഇസ്രയേൽ- ഇറാൻ സംഘർഷത്തിന് ശേഷം വെടിനിർത്തൽ നിലവിൽ വന്നതിന് പിന്നാലെ ഇസ്രയേൽ വ്യോമ പാത തുറന്നു. ഇസ്രയേൽ എയർപോർട്ട് അതോറിറ്റിയാണ് വ്യോമപാത വീണ്ടും തുറന്നതായി വ്യക്തമാക്കിയത്. ഇറാൻ ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചതിന് പിന്നാലെയാണ് ഇസ്രയേൽ വ്യോമപാത പൂർണമായി അടച്ചത്.

പശ്ചിമേഷ്യയെ ആശങ്കയിലാക്കി 12 ദിവസം നീണ്ട ഏറ്റുമുട്ടലിനാണ് നിലവിൽ അന്ത്യമായത്. ഇറാനും ഇസ്രയേലും തമ്മിൽ വെടിനിർത്തൽ നിലവിൽ വന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപാണ് വെടിനിർത്തൽ ആദ്യം ലോകത്തെ അറിയിച്ചത്. പിന്നാലെ ഇറാനും ഇസ്രയേലും വെടിനിർത്തൽ വാർത്ത സ്ഥിരീകരിച്ചു. എന്നാൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷവും ഇറാൻ മിസൈലുകൾ ലോഞ്ച് ചെയ്തതായി അറിയാൻ സാധിച്ചതായാണ് ഇസ്രയേൽ സൈന്യം ചൊവ്വാഴ്ച വിശദമാക്കിയത്. ഇതിന് പിന്നാലെ വടക്കൻ ഇസ്രയേലിൽ സൈറണുകൾ മുഴങ്ങിയിരുന്നു.

ആറ് മണിക്കൂറിനുള്ളിൽ വെടിനിർത്തൽ നിലവിൽ വരുമെന്നും 24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിക്കുമെന്നുമാണാണ് ട്രംപ് സമൂഹ മാധ്യമ അക്കൗണ്ടിലൂടെ പ്രഖ്യാപിച്ചത്. എന്നാൽ ട്രംപ് ഇറാൻ – ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിച്ച ശേഷവും സംഘർഷം തുടര്‍ന്നിരുന്നു. ഇസ്രയേലിൽ ഇറാന്‍റെ വ്യോമാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. പിന്നാലെ വെടിനിർത്തലിന് ഇറാൻ തയ്യാറായതായി റിപ്പോര്‍ട്ടുകള്‍ വരികയായിരുന്നു. ഇസ്രയേലും വെടിനിർത്തൽ വാർത്ത സ്ഥിരീകരിച്ചു എന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ഇറാൻ – ഇസ്രയേൽ വെടിനിർത്തൽ നിലവിൽ വന്നതോടെ ഇറാനിൽ നിന്നും ഇന്ത്യാക്കാരെ തിരിച്ചെത്തിക്കുന്ന ഓപ്പറേഷൻ സിന്ധു ദൗത്യം തത്കാലം നിർത്തിവെച്ചെന്ന് ഇറാനിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി. അതിനിടെ വെടിനിർത്തൽ നിലവിൽ വന്നതോടെ ഇസ്രയേലിൻ്റെയും അമേരിക്കയുടെയും ഭീഷണിക്ക് മുന്നിൽ കരുത്തോടെ നിലയുറപ്പിച്ചതിന് ഖമനയിയെ പ്രശംസിച്ച് ഇറാൻ ജനത തെരുവുകളിൽ അഹ്ലാദ പ്രകടനം നടത്തി.

പന്ത്രണ്ട് ദിവസം നീണ്ട ആക്രമണത്തിന് ശേഷമാണ് മേഖലയിൽ സമാധാനത്തിൻ്റെ കാഹളം മുഴങ്ങുന്നത്. എന്നാൽ വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷവും ഇരു രാജ്യങ്ങളും ഏറ്റുമുട്ടിയത് ആശങ്കയ്ക്ക് കാരണമായി. പക്ഷെ ആക്രമണം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ നേരിട്ട് വിളിച്ച് നിർദേശിച്ചു. ഇതോടെ പിൻവാങ്ങുന്നതായി ഇസ്രയേൽ പ്രഖ്യാപിച്ചു. പിന്നാലെ ഇറാനും പ്രത്യാക്രമണം നിർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്നലെ യുഎസ് ബേസിലേക്ക് നടത്തിയ ആക്രമണം ഖത്തറിന് എതിരെയല്ലെന്ന് വീണ്ടും വീണ്ടും ആവർത്തിച്ച് ഇറാൻ, സൗഹൃദം തകരാതിരിക്കാൻ ശ്രമം തുടരുകയാണ്.

ഇസ്രയേലും ഇറാനും പൂർണ്ണ വെടിനിർത്തൽ കരാറിൽ എത്തിയതായി ട്രംപ് പ്രഖ്യാപിച്ചത് ലോകത്തെ അമ്പരപ്പിച്ചു കൊണ്ടാണ്. ഇത് അംഗീകരിക്കുന്നതായി ഇറാൻ അറിയിച്ചു. ട്രംപിന്റെ പ്രഖ്യാപനം വന്ന് ആറ് മണിക്കൂറിനു ശേഷമാണ് ഇസ്രയേൽ വെടിനിർത്തൽ സ്ഥിരീകരിച്ചത്. ജൂൺ 13നാണ് ഇറാന്റെ ആണവ, സൈനിക കേന്ദ്രങ്ങൾ ആക്രമിച്ച് ഇസ്രയേൽ ഏറ്റുമുട്ടലിന് തുടക്കമിട്ടത്. 12 നാൾ നീണ്ട ആക്രമണത്തിൽ ഇസ്രയേലിൽ 29 പേരും ഇറാനിൽ 450 പേരും കൊല്ലപ്പെട്ടു. 

ഇസ്രയേലിൽ 800 പേർക്കും ഇറാനിൽ മൂവായിരം പേർക്കും പരിക്കേറ്റു. ഇറാന്റെ ആണവായുധ ശേഷി പൂർണമായും ഇല്ലാതായി എന്നാണ് ട്രംപിന്റെ പ്രഖ്യാപനം. പ്രതീകാത്മക ആക്രമണമെന്ന ഇസ്രയേലിന്റെ പ്രഖ്യാപനം അംഗീകരിക്കുന്നതായി ഇറാൻ അറിയിച്ചിട്ടില്ല. ഇറാൻ ആക്രമണം തുടരാൻ സാധ്യതയില്ലെന്നാണ് നിഗമനം.

Hot Topics

Related Articles