കൊച്ചി: ഒരുവർഷത്തിനുള്ളില്‍ ബ്രഹ്മപുരത്ത് പ്രവർത്തിക്കുന്ന പ്ളാന്റുകളുടെ എണ്ണം നാലാകുന്നതോടെ സംസ്ഥാനത്തെ സമ്ബൂർണ മാലിന്യ നിർമാർജ്ജന നഗരമായി കൊച്ചി മാറും. നിലവില്‍ രണ്ട് ബി.എസ്.എഫ് പ്ലാന്റിന്റെ നിർമ്മാണമാണ് ബ്രഹ്മപുരത്ത് നടക്കുന്നത്. ഇനി രണ്ട് പ്ലാന്റ് കൂടി നിർമ്മാണം ആരംഭിക്കുന്നതോടെയാണ് ബ്രഹ്മപുരത്ത് ഒരുവർഷത്തിനുള്ളില്‍ വരുന്ന പ്ലാന്റുകളുടെ എണ്ണം നാലാകുന്നത്.
മാലിന്യത്തില്‍ നിന്ന് ബയോഗ്യാസ് ഉത്പാദിപ്പിക്കുന്ന സി.ബി.ജി പ്ലാന്റാണ് ഇതില്‍ ഏറ്റവും പ്രധാനം. ഈ മാസം തന്നെ നിർമ്മാണം ആരംഭിച്ച് അടുത്ത് മാർച്ചില്‍ പൂർത്തിയാക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ കൗണ്‍സില്‍ യോഗത്തിലാണ് ഇതിന് അനുമതി നല്‍കിയത്. 150 ടണ്‍ മാലിന്യം സംസ്കരിക്കാൻ ശേഷിയുള്ളതാണ് പ്ലാന്റ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സി.ബി.ജി പ്ലാന്റ് പ്രവർത്തനം ആരംഭിക്കുന്നതുവരെ മാലിന്യം സംസ്‌കരിച്ച് വളമാക്കി മാറ്റാൻ 50 ടണ്‍ ശേഷിയുള്ള പുതിയ വിൻഡ്രോ കമ്ബോസ്റ്റ് പ്ലാന്റ്, 50 ടണ്‍ വീതം ശേഷിയുള്ള രണ്ട് ബി.എസ്.എഫ് (ബ്ലാക്ക് സോള്‍ജിയർ ഫ്ലൈ) പ്ലാന്റ് എന്നിവയാണ് ഒരു വർഷത്തിനുള്ളില്‍ ബ്രഹ്മപുരത്ത് വിഭാവനം ചെയ്യുന്ന മറ്റ് പദ്ധതികള്‍.
സി.ബി.ജി പ്ലാന്റ് പ്രവർത്തന സജ്ജമായാലും 150 ടണ്ണില്‍ കൂടുതല്‍ വരുന്ന മാലിന്യം സംസ്‌കരിക്കുന്നതിന് ഈ പ്ലാന്റുകള്‍ ഉപയോഗപ്പെടുത്താൻ സാധിക്കും. സമീപത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് ഡിപ്പിംഗ് ഫീസ് വാങ്ങി മാലിന്യം എത്തിച്ച് കോർപ്പറേഷന് വരുമാനമുണ്ടാക്കാനും സാധിക്കും.
ബ്രഹ്മപുരത്ത് പുതിയ വിൻഡ്രോപ്ലാന്റ് സ്ഥാപിക്കുന്നതിനും കൗണ്‍സില്‍ അനുമതി നല്‍കിയിരുന്നു. നിലവിലെ വിൻഡ്രോ പ്ലാന്റിന് പകരം കരഭൂമിയില്‍ പുതിയ പ്ലാന്റ് നിർമ്മിക്കുകയാണ് ലക്ഷ്യം. 80 ലക്ഷം രൂപയാണ് നിർമ്മാണ ചെലവ്. പുറത്തുനിന്നുള്ള ഏജൻസികള്‍ക്ക് പകരം സർക്കാർ എംപാനല്‍ ചെയ്തിട്ടുള്ള ഏജൻസികള്‍ക്ക് നിർമ്മാണ ചുമതല നല്‍കാനാണ് തീരുമാനം. 100 ടണ്‍ ശേഷിയുള്ള പ്ലാന്റിനാണ് അനുമതി ചോദിച്ചതെങ്കിലും 50 ടണ്‍ ആണ് അനുവദിച്ചത്. കൗണ്‍സില്‍ യോഗത്തില്‍ 150 ടണ്‍ വേണമെന്ന ആവശ്യം ഉയർന്നതോടെ 100 ടണ്ണിന് അനുമതി നല്‍കണമെന്ന് സർക്കാരിനോട് കോർപ്പറേഷൻ ആവശ്യപ്പെടും.
പുതിയ പ്ലാന്റുകള്‍ പ്രവർത്തനമാരംഭിക്കുന്നതോടെ സമ്ബൂർണ മാലിന്യ സംസ്കരണം നടത്തുന്ന സംസ്ഥാനത്തെ ഏക നഗരമായി കൊച്ചി മാറുമെന്ന് മേയർ എം അനില്‍കുമാർ പറഞ്ഞു. വിവിധ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് നഗരത്തില്‍ മാലിന്യ സംസ്കരണം നടപ്പിലാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.