കോഴിക്കോട്: മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ പദ്ധതിക്ക് മുസ്ലിം ലീഗ് ഭൂമി വാങ്ങാൻ മാർക്കറ്റ് വിലയുടെ ഇരട്ടിയിലധികം തുക നല്‍കിയെന്ന് ആരോപണം. തോട്ടഭൂമിയുടെ സ്വഭാവത്തിലുള്ള സ്ഥലത്തിന്, സെന്റിന് 65000 രൂപ വരെയാണ് വില. എന്നാല്‍, മുസ്ലിം ലീഗ് ഭൂമി വാങ്ങിയത് ഒരു ലക്ഷത്തി ഇരുപതിനായിരത്തിലധികം രൂപ നല്‍കിയാണ്. പാണക്കാട് സാദിഖലി തങ്ങളുടെ പേരില്‍ ഭൂമി രജിസ്റ്റർ ചെയ്തതിലൂടെ രണ്ട് കോടി രൂപയുടെ പാഴ്ചെലവുണ്ടായെന്നും വിമർശനമുണ്ട്.
മേപ്പാടി പഞ്ചായത്ത് തൃക്കൈപ്പറ്റ വില്ലേജിലെ വെള്ളിത്തോട് പ്രദേശത്തെ തോട്ടഭൂമിക്ക് സെന്റിന് കൂടിയ വില 65000 രൂപ. എന്നാല്‍, പുനരധിവാസ പദ്ധതിക്കായി മുസ്ലിം ലീഗ് ഭൂമി വാങ്ങിയത് സെന്റിന് ഒരുലക്ഷത്തി ഇരുപതിനായിരത്തിലധികം മുടക്കി. 11 ഏക്കർ ഭൂമിയുടെ യഥാർത്ഥ വിലയേക്കാള്‍ മുസ്ലിം ലീഗിന് ചെലവായത് ആറ് കോടിയോളം രൂപ. പുനരധിവാസ പദ്ധതിക്കായി കുറഞ്ഞ വിലയ്ക്ക് നേരത്തെ മുസ്ലിം ലീഗ് ഭൂമി കണ്ടെത്തിയിരുന്നു. പക്ഷെ, അത് തോട്ടഭൂമിയാണെന്ന് നിയമോപദേശം ലഭിച്ചതോടെ ഉപേക്ഷിച്ചു. പിന്നീടാണ് ഇപ്പോള്‍ വിവാദമായ ഭൂമി കൂടിയ വിലകൊടുത്ത് വാങ്ങിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
11 ഏക്കർ ഭൂമി രജിസ്റ്റർ ചെയ്തത് മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പേരിലാണ്. ഇനി വീട് പണി പൂർത്തിയായ ശേഷം എട്ട് സെന്റ് വീതം ഗുണഭോക്താക്കള്‍ക്ക് വീണ്ടും രജിസ്റ്റർ ചെയ്ത് നല്‍കും. രണ്ട് തവണ രജിസ്ട്രേഷൻ നടത്തുന്നതിലൂടെ രണ്ട് കോടിയോളം രൂപ പഴാവും. തിടുക്കപ്പെട്ട് സാദിഖലി തങ്ങളുടെ പേരില്‍ ഭൂമി രജിസ്റ്റർ ചെയ്തത് എന്തിനെന്ന ചോദ്യം പാർട്ടിക്കുള്ളില്‍നിന്നുതന്നെ ഉയരുന്നു. ഇതെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.
വാങ്ങിയത് തോട്ടമല്ലെന്നും ജന്മം പട്ടയമുള്ള ഭൂമിയാണെന്നും അതിനാലാണ് കൂടുതല്‍ തുക നല്‍കേണ്ടിവന്നതെന്നുമാണ് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ വിശദീകരണം. നിയമോപദേശം സ്വീകരിച്ച ശേഷമാണ് ഭൂമി വാങ്ങിയതെന്നും തോട്ടഭൂമിയല്ലെന്ന് തെളിയിക്കാനുള്ള മുഴുവൻ രേഖകളും ഭൂഉടമ ലാന്റ് ബോർഡിന് മുന്നില്‍ ഹാജരാക്കുമെന്നുമാണ് മുസ്ലിം ലീഗിന്റെ വാദം.