തിരുവനന്തപുരം: വേനല്‍ കാലത്ത് ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ഒരു പഴ വർഗമാണ് തണ്ണിമത്തൻ. ചൂടുള്ള ദിവസങ്ങളില്‍ ശരീരത്തില്‍ ജലാംശം നിലനിർത്താൻ തണ്ണിമത്തൻ കഴിക്കുന്നത് നല്ലതാണ്.എന്നാല്‍ ഉഷ്ണകാലം ആരംഭിച്ചപ്പോള്‍ കിലോയ്ക്ക് 15 രൂപയായിരുന്ന തണ്ണിമത്തന്റെ വില ഇപ്പോള്‍ ഇരട്ടിച്ചിരിക്കുകയാണ്. മൊത്ത വിപണിയിലും ചില്ലറ വിപണിയിലും വില വർദ്ധിച്ചിട്ടുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്.
വിപണിയില്‍ ഏറ്റവും കൂടുതല്‍ ആവശ്യം ജലാംശം കൂടുതലുള്ള പഴങ്ങള്‍ക്കാണ്. അതാണ് തണ്ണിമത്തന്റെ വില ഉയരാൻ ഇടയാക്കിയത്.സാധാരണ തണ്ണിമത്തന് കിലോയ്ക്ക് 25 – 27 രൂപ വരെയുണ്ട്. മധുരമേറിയതും കുരു അധികമില്ലാത്തതുമായ കിരണ്‍ വിഭാഗത്തിലുള്ള തണ്ണിമത്തനോടാണ് ഉപഭോക്താക്കള്‍ക്ക് ഏറെ പ്രിയം. ഇതിന് കിലോയ്ക്ക് 28 – 30 രൂപ വരെയുണ്ട്. തമിഴ്നാട്ടില്‍ നിന്നും കർണാടകയിലെ മൈസൂരില്‍ നിന്നുമാണ് കിരണ്‍ തണ്ണിമത്തൻ എത്തുന്നത്. നഗരത്തില്‍ ഭൂരിഭാഗം സ്ഥലങ്ങളിലും തണ്ണിമത്തന്റെചില്ലറ വില്പനശാലകളുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വേനല്‍ കടുത്തതോടെ നഗരത്തിലെ ജ്യൂസ് ഷോപ്പുകളിലും തിരക്കേറി. 15 രൂപ മുതല്‍ തുടങ്ങുന്ന വിവിധ ജൂസുകളും 50 രൂപയില്‍ തുടങ്ങി 150 രൂപ വരെയുള്ള വിവിധ ഷേക്കുകള്ക്കുമാണ് ഡിമാൻഡ്. കരിക്കിന് 15 രൂപ മുതലും ഗൗളി ഗാത്ര കരിക്കിന് 50 രൂപ മുതലുമാണ് വില. വിവിധ സംഘടനകളും ഓഫീസുകളും വക സൗജന്യ തണ്ണീർപ്പന്തലുകളും നഗരത്തില്‍ സജീവമായിട്ടുണ്ട്. ഉത്സവ സീസണും റംസാൻ വ്രത കാലഘട്ടമായതിനാലും തണ്ണിമത്തൻ ഉള്‍പ്പെടെയുള്ള പഴവർഗങ്ങള്‍ക്ക് ഡിമാൻഡ് വളരെ കൂടിയിട്ടുണ്ടെന്ന് കച്ചവടക്കാർ പറയുന്നു.