വാട്സ്‌ആപ്പ് ലോട്ടറി ചൂതാട്ട മാഫിയക്കെതിരെ പോലീസ് അന്വേഷണം ഊർജിതമാക്കി : രണ്ട് അറസ്റ്റ്

കാസർകോട് : കണ്ണൂർ-കാസർകോട് ജില്ലകളിലെ മലയോര മേഖലകളില്‍ വ്യാപകമായിരുന്ന വാട്സ്‌ആപ്പ് ലോട്ടറി ചൂതാട്ട മാഫിയക്കെതിരെ പോലീസ് അന്വേഷണം ഊർജിതമാക്കി.ഈ ചൂതാട്ട ശൃംംഖലയിലെ മുഖ്യകണ്ണികളായ കള്ളാർ കൊട്ടോടിയിലെ പ്രഭാകരൻ (പി.കെ.കെ.), അഖില്‍ ജോസഫ് എന്നിവരെ പിടികൂടാനാണ് രാജപുരം പോലീസ് ഊർജിതമായ നീക്കം നടത്തുന്നത്. രാജപുരം എസ്.ഐ. സി. പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം എം. രാമൻ (55) അറസ്റ്റിലായി. ഇയാളെ ഹൊസ്ദുർഗ് കോടതി റിമാൻഡ് ചെയ്തു. ജോസ് ജോസഫ് (78) എന്ന മറ്റൊരു പ്രതിയെ പ്രായാധിക്യം കണക്കിലെടുത്ത് ജാമ്യത്തില്‍ വിട്ടയച്ചു.

Advertisements

ഈ കേസില്‍ കൊട്ടോടിയിലെ അഖില്‍ ജോസഫ്, പ്രഭാകരൻ, കൂടാതെ 9656836865 എന്ന മൊബൈല്‍ ഫോണ്‍ നമ്ബർ ഉടമ എന്നിവരെ രണ്ട്, മൂന്ന്, നാല് പ്രതികളാക്കി കേസെടുത്തിട്ടുണ്ട്. കേരളാ ലോട്ടറി റെഗുലേഷൻ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം ജാമ്യമില്ലാ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികള്‍ പോലീസിന്റെ നിരീക്ഷണത്തിലാണെന്നാണ് സൂചന.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം 4:40-ഓടെ കള്ളാർ പൈനിക്കരയില്‍ വെച്ചാണ് കെ.എല്‍-79 എ-9106 നമ്ബർ കാശിവിശ്വനാഥൻ എന്ന ഓട്ടോറിക്ഷയില്‍ ചുള്ളിക്കരയില്‍ നിന്ന് പൈനിക്കരയിലേക്ക് വരികയായിരുന്ന ജോസ് ജോസഫിനെ എസ്.ഐ. സി. പ്രദീപ്കുമാറും സംഘവും പിടികൂടിയത്. ഇയാളുടെ ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് വാട്സ്‌ആപ്പ് ലോട്ടറിയിലെ മറ്റ് കണ്ണികളെക്കുറിച്ച്‌ പോലീസിന് നിർണായക വിവരങ്ങള്‍ ലഭിച്ചത്. ജോസ് ജോസഫില്‍ നിന്ന് 1150 രൂപയും പിടിച്ചെടുത്തിട്ടുണ്ട്.

വാട്സ്‌ആപ്പ് ലോട്ടറി മാഫിയാ തലവനായ കൊട്ടോടി പ്രഭാകരൻ അഡ്മിനായ ‘നിർമ്മാല്യം’, ‘ഡിയർ ഓണ്‍ലി’ എന്നീ വാട്സ്‌ആപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് പ്രധാനമായും ഇടപാടുകള്‍ നടന്നിരുന്നത് എന്ന് തെളിഞ്ഞു. കേരള സംസ്ഥാന ലോട്ടറിയുടെ വരുമാനത്തെ സാരമായി ബാധിക്കുന്ന ഈ വാട്സ്‌ആപ്പ് ലോട്ടറിയുടെ പ്രധാന ഏജന്റായ പ്രഭാകരൻ ‘പി.കെ.കെ.’ എന്ന ചുരുക്കപ്പേരിലാണ് ഏജന്റുമാർക്കിടയില്‍ അറിയപ്പെട്ടിരുന്നത്.

നടന്ന് ലോട്ടറി വില്‍ക്കുന്ന ഏജന്റുമാർക്ക് ഒരു ലോട്ടറിക്ക് നാല് രൂപ കമ്മീഷനായി നല്‍കിയിരുന്നു. പി.കെ.കെ.യുടെ വാട്സ്‌ആപ്പ് ലോട്ടറി സാമ്രാജ്യത്തിന് കീഴില്‍ നൂറുകണക്കിന് ഏജന്റുമാർ പ്രവർത്തിച്ചിരുന്നതായി പോലീസ് കണ്ടെത്തി. മൂന്നക്ക നമ്ബർ വാട്സ്‌ആപ്പില്‍ അയച്ചുകൊടുത്താല്‍, കേരള ഭാഗ്യക്കുറിയുടെ ഫലവുമായി ഒത്തുനോക്കി മൂന്ന് നമ്ബറും ശരിയായാല്‍ 5000 രൂപയും, രണ്ട് നമ്ബറിന് 500 രൂപയും, ഒരു നമ്ബറിന് 100 രൂപയുമാണ് വാട്സ്‌ആപ്പ് ലോട്ടറി വഴി ലഭിച്ചിരുന്നത്. കേരളാ ലോട്ടറിക്ക് 10 രൂപ കൂട്ടി 50 രൂപയാക്കിയതോടെ വാട്സ്‌ആപ്പ് ലോട്ടറി വില്‍പ്പനയില്‍ വലിയ വർദ്ധനവാണ് ഉണ്ടായത്.

പോലീസിന്റെ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സാധാരണക്കാരായ ആളുകള്‍ തങ്ങളുടെ ജോലി ചെയ്തു ലഭിക്കുന്ന പണത്തിന്റെ വലിയൊരു ഭാഗം വാട്സ്‌ആപ്പ് ലോട്ടറിയില്‍ ചെലവഴിക്കുകയും, ഇത് പല കുടുംബങ്ങളെയും സാമ്ബത്തിക തകർച്ചയിലേക്ക് തള്ളിവിടുകയും ചെയ്തിരുന്നു.

കാസർകോട് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് രണ്ട് പേർ പോലീസിന്റെ പിടിയിലായതും, പ്രധാന കണ്ണികളിലേക്ക് അന്വേഷണം നീണ്ടതും. എ.എസ്.ഐ. ഓമനക്കുട്ടൻ, സീനിയർ സി.പി.ഒ. ശരത്ചന്ദ്രൻ, സി.പി.ഒമാരായ അനൂപ്, സതീഷ്‌കുമാർ, സനൂപ്, വിജിത്ത്, സജിത്ത് ജോസഫ് എന്നിവരടങ്ങിയ ടീമാണ് നിലവില്‍ അന്വേഷണം നടത്തിവരുന്നത്.

Hot Topics

Related Articles