കൽപറ്റ: വയനാട് മേപ്പാടി ഉരുള്പൊട്ടലില് മരണസംഖ്യ 44 ആയി. ഉരുൾപൊട്ടലിനെ തുടർന്ന് ദുരന്തഭൂമിയായി മാറിയ വയനാട്ടിൽ നിന്ന് ഒരു ആശ്വാസ വാർത്തയും എത്തിയിരുന്നു. ചൂരൽമലയിൽ തകർന്ന വീട്ടിൽ നിന്ന് ഒരു കുട്ടിയെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി. മുണ്ടക്കൈ, അട്ടമല, ചൂരൽമല എന്നിവിടങ്ങളിലാണ് ഇന്ന് രാവിലെ 2 മണിയോടെയാണ് ദുരന്തമുണ്ടായത്. മരിച്ചവരിൽ 3 കുട്ടികളും ഉൾപ്പെടുന്നുണ്ട്. രക്ഷാ പ്രവർത്തനം അതീവ ദുഷ്കരമായി തുടരുകയാണെന്ന് ദൗത്യ സംഘം വ്യക്തമാക്കി. മുണ്ടക്കൈയും അട്ടമലയും പൂർണമായി ഒറ്റപ്പെട്ട നിലയിലാണ്. ഇരുമേഖലകളിലുമായി നാനൂറോളം കുടുംബങ്ങളാണ് ഒറ്റപ്പെട്ട് പോയിരിക്കുന്നത്.
മുണ്ടക്കൈ ട്രീവാലി റിസോർട്ടിൽ നാട്ടുകാരായ നൂറിലധികം പേരാണ് കുടുങ്ങിക്കിടക്കുന്നത്. കുടുങ്ങിയവരിൽ വിദേശികളും ഉൾപ്പെടുന്നുണ്ട്. കണ്ണൂരിൽ നിന്നും കോഴിക്കോട് നിന്നും കണ്ണൂർ നിന്നും ദുരന്തബാധിത മേഖലയിലേക്ക് സൈന്യമെത്തുന്നു. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കുക എന്നതാണ് പ്രധാന ദൗത്യമെന്ന് സൈന്യം വ്യക്തമാക്കി. ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് സമാന്തര പാലം നിർമിക്കാൻ ശ്രമിക്കുന്നതായി മന്ത്രി കെ രാജൻ അറിയിച്ചു. രക്ഷാദൗത്യത്തിന് തടസ്സമായി കനത്ത മഴ പെയ്യുകയാണ്. വയനാട്ടിലേക്ക് പോകാനാകാതെ ഹെലികോപ്റ്റർ കോഴിക്കോട്ടിറക്കി. മുണ്ടക്കൈയിലേക്ക് എത്താനുള്ള തീവ്രശ്രമത്തിലാണ് ദൗത്യസംഘം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, വയനാട്ടിലെ ഉരുൾപൊട്ടലുണ്ടായ ദുരന്തഭൂമിയിലേക്ക് പൊലീസ് നായ്ക്കളായ മായയും മർഫിയുമെത്തും. മണ്ണിനടിയിൽ നിന്നും മനുഷ്യശരീരം കണ്ടെത്താൻ പരിശീലനം ലഭിച്ച നായ്ക്കളാണ് മായയും മർഫിയും. ഇവർ ഉച്ചയോടെ വയനാട്ടിലേക്ക് എത്തും. 30 അടിയിൽ നിന്നുവരെ മനുഷ്യശരീരങ്ങൾ കണ്ടെത്താൻ പരിശീലനം സിദ്ധിച്ച നായ്ക്കളാണ് ഇവ. മുമ്പ് പെട്ടിമുടി ദുരന്തത്തിൽ നിന്ന് 8 മൃതദേഹങ്ങൾ കണ്ടെത്തിയത് മായ എന്ന പൊലീസ് നായയായിരുന്നു. നായ്ക്കളുമായി പൊലീസ് സംഘം മുണ്ടക്കൈയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഉച്ചയോടെ ഇവിടെ എത്തിച്ചേരും.
വളരെ ഭയാനകമായ ദുരന്തമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. മണ്ണിനടിയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരങ്ങൾ പുറത്തുവരുന്നത്. അതുകൊണ്ട് തന്നെ പൊലീസ് നായ്ക്കളുടെ സഹായം വേണ്ടിവരും. പുഴയുടെ ഇരുകരകളിലും വീടുകളുണ്ടായിരുന്നു. ആ ഭാഗത്തുള്ള വീടുകളെല്ലാം തന്നെ പൂർണമായി ഒലിച്ചു പോയിരിക്കുകയാണ്. അങ്ങനെയെങ്കിൽ മണ്ണിനടിയിൽ നിരവധി പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടാകാം. ഉച്ചയോടെ പൊലീസ് നായകളുമായി സംഘം എത്തുമെന്നാണ് വിവരം.
വീടുകളും വാഹനങ്ങളും ഉരുൾപൊട്ടലിൽ ഒലിച്ചുപോയിട്ടുണ്ട്. നൂറ് കണക്കിന് വീടുകൾ ഒറ്റപ്പെട്ടുപോയിരിക്കുകയാണ്. പുഴയിൽ മൃതശരീരങ്ങൾ ഒഴുകിപ്പോകുന്ന ഭീകരമായ അവസ്ഥയാണ് ഇവിടുള്ളത്. മുണ്ടക്കൈയിൽ രക്ഷാ പ്രവർത്തകരുൾപ്പെടെ നിരവധി പേരാണ് ഒറ്റപ്പെട്ടുപോയിരിക്കുന്നത്. സഹായം പ്രതീക്ഷിച്ച് നിരവധി മനുഷ്യരാണ് ഇവിടെയുള്ളത്. രക്ഷാദൗത്യത്തിന് പ്രതിസന്ധി സൃഷ്ടിച്ച് ഇവിടെ കനത്ത മഴ പെയ്യുന്നുണ്ട്.