ഒരു മിനിറ്റ് പറഞ്ഞ് മുങ്ങിയതല്ല, ഇത് സത്യത്തിന് മുന്നേ നുണകള്‍ പറക്കുന്ന കാലം; പണിമുടക്ക് ദിനത്തിലെ വൈറല്‍ വീഡിയോയ്ക്ക പിന്നിലെ സത്യാവസ്ഥ തുറന്ന് പറഞ്ഞ് ഡിവൈഎഫ്‌ഐ നേതാവ്

കല്‍പ്പറ്റ: പണിമുടക്ക് ദിവസത്തില്‍ ബൈക്ക് യാത്രികന്റെ ചോദ്യത്തിന് മറുപടി നല്‍കാതെ വയനാട്ടില്‍ പ്രതിഷേധക്കാരിലൊരാള്‍ ഓടി രക്ഷപ്പെടുന്നു എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായ വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ പുറത്ത് പറഞ്ഞ് യുവാവ്. എന്തിനാണ് സമരം എന്ന് ബൈക്കിലെത്തിയ യുവാക്കള്‍ ചോദിക്കുമ്പോള്‍ ‘ഒരു മിനിറ്റ്’ എന്നു പറഞ്ഞ് പ്രജീഷ് പോകുന്നതാണ് വീഡിയോയിലുണ്ടായിരുന്നത്. എന്നാല്‍ ഇത് തെറ്റായ പ്രചാരണമാണെന്ന് ഡിവൈഎഫ്‌ഐ നേതാവായ പ്രജീഷ് പറയുന്നു.

Advertisements

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഞാന്‍ പ്രജീഷ്.വയനാട്ടിലെ ഒരു തോട്ടം തൊഴിലാളി കുടുംബത്തില്‍ നിന്നുള്ള തൊഴിലാളിയാണ്. എന്റെ പേരിലുളള ഒരു വീഡിയോ ഇപ്പോള്‍ ഈ നാട്ടിലെ അരാഷ്ട്രീയ വാദികളും തൊഴിലാളി വിരുദ്ധരും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. എന്തിനാണ് പണിമുടക്ക് എന്ന് ഒരു വഴിയാത്രക്കാരന്‍ ചോദിക്കുമ്പോള്‍ എനിക്ക് ഉത്തരം മുട്ടി ഞാന്‍ തടിതപ്പി എന്ന പേരിലാണ് ഇത് പ്രചരിപ്പിക്കപ്പെടുന്നത്. അരാഷ്ട്രീയ വാദികളും, തൊഴിലാളി വിരുദ്ധരും, ചില തല്‍പ്പര കക്ഷികളും ചേര്‍ന്ന് ഈ വീഡിയോ തൊഴിലാളികള്‍ക്കെതിരെയും ദേശീയ പണിമുടക്കിനെതിരേയുമുള്ള ഒരു ആയുധമായി ഉപയോഗിക്കുന്നതിനാലാണ് ഇത്തരത്തില്‍ ഒരു വിശദീകരണ കുറിപ്പ് എഴുതേണ്ടി വരുന്നത്.കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന അത്യന്തം മനുഷ്യത്വവിരുദ്ധമായ നയങ്ങള്‍ ബാധിക്കുന്ന യുവാവും തൊഴിലാളിയുമായ ലക്ഷക്കണക്കിന് പേരുടെ പ്രതിനിധിയാണ് ഞാന്‍.

തോട്ടം തൊഴിലാളികളുടെ ചരിത്രപരമായ പല തൊഴില്‍ സമരങ്ങള്‍ നടത്തിയ ചരിത്ര ഭൂമിയായ എന്റെ നാട്ടില്‍ സിപിഐഎമ്മുകാരും, സിപിഐക്കാരും, കോണ്‍ഗ്രസ്സുകാരും, മുസ്ലിം ലീഗുകാരും സംയുകത തൊഴിലാളി യൂണിയനിലെ എല്ലാ പ്രവര്‍ത്തകരുടെയുമൊപ്പം പണിമുടക്ക് ദിനത്തില്‍, ഈ പണിമുടക്കിന്റെ ആവശ്യകതയെ കുറിച്ചു സംസാരിക്കുന്നവരില്‍ ഒരാള്‍ ആയിരുന്നു ഞാന്‍. വാഹനങ്ങള്‍ക്ക് കൈ കാണിച്ചു നിര്‍ത്തി, പണിമുടക്കിനോട് 5 മിനുട്ട് സഹകരിച്ച് ഈ പണിമുടക്കിന്റെ മുദ്രാവാക്യങ്ങളും ലക്ഷ്യങ്ങളും വിശദീകരിക്കുകയും സഹകരിക്കാന്‍ അഭ്യര്‍ത്ഥിക്കുക്കയുമാണ് ഞാനടക്കമുള്ളവര്‍ ചെയ്തിരുന്നത്.അസാധാരണമായ വിധം പണിമുടക്ക് ദിനം ആഘോഷിക്കാന്‍ വേണ്ടി ചുരം കയറിവരുന്ന ടൂറിസ്റ്റുകളുടെ പ്രവാഹമായിരുന്നു ഇന്നലെ. ഈയവസരത്തിലാണ് ബൈക്കില്‍ വന്ന യാത്രക്കാരുമായ സംഭാഷണം. അവരോടു സമരത്തെക്കുറിച്ചു വിശദീകരിക്കാന്‍ തുടങ്ങുന്ന സമയത്താണ് തൊട്ടപ്പുറത്ത് പോലീസ് വാഹനം വരികയും പോലീസ് വാഹനത്തിന്റെ ഹോണടിച്ച് എന്നെ വിളിക്കുകയും ചെയ്യുന്നത്. എന്നെയാണോ എന്നുറപ്പിക്കാന്‍ ഞാന്‍ തിരിഞ്ഞു നോക്കുന്നത് ആ വീഡിയോയില്‍ തന്നെ കാണാം.

എന്നെ തന്നെ ആണെന്ന് മനസ്സിലാക്കിയപ്പോള്‍ ചുണ്ടേല്‍ ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ആളെന്ന നിലയില്‍ എനിക്ക് ആ സംഭാഷണം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോലീസ് ഉദ്യോഗസ്ഥരുമായി സംസാരിക്കാന്‍ അങ്ങോട്ട് പോകേണ്ടി വന്നു.ആ കാണുന്നതാണ് മറ്റൊരു രീതിയില്‍ ഇന്ന്, ഇങ്ങനെയൊരു വീഡിയോ ആയി വളരെ ബോധപൂര്‍വം പ്രചരിപ്പിക്കപ്പെടുന്നത്. തിരിച്ചു വന്നു ആ യുവാക്കളോട് സംസാരം പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചിരുനെങ്കിലും അവര്‍ പോവുകയാണ് ഉണ്ടായത്. ആ വീഡിയോയിലെ മുഴുവന്‍ ഭാഗം ഒഴിവാക്കിയത് കൊണ്ട് തന്നെ സത്യാവസ്ഥ വിശദീകരിക്കാന്‍ ഞാന്‍ ഇപ്പോള്‍ ബാധ്യസ്ഥനുമാണ്.സമരം ആരംഭിച്ചു ഇന്നലെ രാവിലെ 8 മണിമുതല്‍ വൈകുന്നേരം 6 മണിവരെ ഇതേ രീതിയില്‍ വാഹങ്ങളില്‍ വന്ന പതിനായിരക്കണക്കിന് യാത്രക്കാരുമായി ഞങ്ങള്‍ സംസാരിച്ചിട്ടുണ്ട്. കൃത്യമായി തന്നെ സമരത്തിന്റെ ഓരോ ലക്ഷ്യങ്ങളെകുറിച്ചും, തൊഴിലാളി സമരങ്ങളുടെ അവശ്യകതയേകുറിച്ചും തൊഴിലാളി പോരാട്ടങ്ങങ്ങള്‍ നേടിയെടുത്ത അവകാശങ്ങളെ കുറിച്ചും ബോധവന്മാരായവര്‍ തന്നെയാണ് ഞാനടക്കം സമരം ചെയ്യുന്ന ഈ നാട്ടിലെ എല്ലാ തൊഴിലാളികളും. അത് തന്നെയാണ് പണിമുടക്ക് ആഘോഷിക്കാന്‍ ഇറങ്ങിത്തിരിച്ച ജനങ്ങളോട്, പ്രത്യേകിച്ചു യുവാക്കളോട് ഞങ്ങള്‍ സംവദിച്ചതും.

സത്യത്തിനു മുന്നേ നുണകള്‍ പറക്കുന്ന സത്യാനന്തര കാലത്ത്, ഇത്രയും പ്രധാനപ്പെട്ട ഒരു സമരത്തെ ഇകഴ്ത്തി കാണിക്കാന്‍ ബോധപൂര്‍വകമായ ശ്രമത്തിന്റെ ഭാഗമായാണ് വളരെ ഏകപക്ഷീയമായ ഈ വീഡിയോ പ്രചരിപ്പിക്കപ്പെടുന്നത്. സമരത്തില്‍ എന്നോടൊപ്പം പങ്കെടുത്ത കൊണ്ഗ്രസ്സുകാരുടെ അനുഭാവികളായവരുടെ അടുത്ത് നിന്ന് പോലും ഈ വീഡിയോ പ്രചരിപ്പിക്കപ്പെടുന്ന കാണുമ്പോള്‍ സഹതാപമാണ് തോന്നുന്നത്. തൊഴില്‍ സമരങ്ങള്‍ കൊണ്ട് നേടിയെടുത്തതാണ് ഈ നാട്ടിലെ തൊഴിലാളികള്‍ ഇന്ന് അനുഭവിക്കുന്ന ഏല്ലാ നേട്ടങ്ങളും അവകാശങ്ങളും എന്ന പൂര്‍ണ ബോധ്യമുള്ള ഒരു തൊഴിലാളി എന്ന നിലയില്‍ ഇത്തരം കുപ്രചാരണങ്ങള്‍ എന്നെ ബാധിക്കുന്നിലെങ്കില്‍ പോലും, സമരത്തെ അപഹസ്യമാക്കി ചിത്രീകരിക്കാന്‍ നിരന്തരമായി ശ്രമിക്കുന്ന അരാഷ്ട്രീയ വലതുപക്ഷ ബോധത്തെ ഞങ്ങള്‍ തൊഴിലാളികള്‍ ചെറുക്കേണ്ടതുണ്ട്. സത്യം മനസിലാക്കി, ഈ സമരത്തിനെതിരെ നടക്കുന്ന ഇത്തരം കുപ്രചാരണങ്ങള്‍ തള്ളികളയണമെന്നും, സമരം ചെയ്യുന്ന തൊഴിലാളികളുടെ ഒപ്പം അണിനിരക്കണം എന്നും മുഴുവന്‍ ആളുകളോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.