വയനാട് : കേരള – കർണാടക അതിർത്തിയായ മച്ചൂരില്‍ നാഗർഹോള കടുവാ സങ്കേതത്തിനടുത്ത് ഒരു തീർത്ഥാടന കേന്ദ്രമുണ്ട്. ഹസ്റത്ത് അബ്ദുല്‍ ബാരിയെന്ന സൂഫി വര്യനും അദ്ദേഹത്തിന്റെ ഉറ്റ ചങ്ങാതിയായ പണിയ വിഭാഗത്തില്‍ നിന്നുള്ള യുവാവും ഓർമ്മയായ ഇടം. വർഷത്തിലൊരിക്കല്‍ ഉറൂസിനായി കാട്ടുവഴി തുറന്നാല്‍ പിന്നെ മനുഷ്യരുടെ ഒഴുക്കാണ് അങ്ങോട്ട്. ജാതിമത ഭേദമന്യേ മനുഷ്യർ കാടു കയറുന്ന സ്ഥലമാണിത്.
പട്ടാപ്പകല്‍ കാട്ടിടവഴികളിലൂടെ മേട വെയില് താണ്ടി നടത്തം. നാഗർഹോള കടുവാ സങ്കേതത്തിനകത്താണ് ഈ ദർഗ. പുഴ മുറിച്ചു കടന്ന് ഉള്‍ക്കാട്ടിനകത്തെ തീർത്ഥാടന കേന്ദ്രത്തിലേക്ക് പ്രവേശനം വർഷത്തില്‍ ഒരിക്കല്‍ മാത്രം. അന്ന് മനുഷ്യരുടെ ഒഴുക്കാണ് സൂഫി വര്യനെയും അദ്ദേഹത്തിന്റെ ചങ്ങാതിയെയും കാണാൻ. കാട് കയറി കാണാവുന്ന മതസൌഹാർദത്തിന്റെ മാതൃക.