കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ തുടരുന്നു. 119 പേരെയാണ് നിലവിൽ കണ്ടെത്താനുള്ളത്. തെരച്ചിൽ സംഘത്തിൽ ആളുകളെ വെട്ടിക്കുറച്ചത് വിമർശനത്തിന് വഴി വച്ചിരുന്നു. വയനാട്ടിൽ ഇപ്പോഴും ഇടവിട്ട് മഴ പെയ്യുന്നതിനാൽ ജാഗ്രത തുടരുന്നുണ്ട്. അതേസമയം ക്യാമ്പുകളിൽ 97 കുടുംബങ്ങൾ തുടരുകയാണ്. ഇതുവരെ 630 കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്.
തെരച്ചിലിന്റെയും രക്ഷാപ്രവർത്തനത്തിന്റെയും ചുമതലയുണ്ടായിരുന്ന നോഡൽ ഓഫീസർ വിഷ്ണുരാജ് മടങ്ങിയിട്ട് ഒരാഴ്ചയായി. സന്നദ്ധ പ്രവർത്തകർക്ക് ഭക്ഷണം ഒരുക്കിയിരുന്ന കമ്മ്യൂണിറ്റി കിച്ചനും പൂട്ടിയിട്ട് ആഴ്ച ഒന്നാകുന്നു. ദുരന്തമുഖത്ത് ഇപ്പോഴും ബാക്കിയുള്ള സേനാ വിഭാഗങ്ങൾക്ക് ഹോട്ടലിൽ നിന്നാണ് ഭക്ഷണം എത്തിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ടുദിവസം കൂടിയെ ഭക്ഷണം വേണ്ടിവരൂ എന്നാണ് അവർക്ക് കിട്ടിയ അറിയിപ്പ്. എന്നാൽ എൻഡിആർഎഫിന് റിലീവിങ് ഓർഡർ നൽകിയിട്ടുമില്ല. ഡിഎൻഎഫലങ്ങൾ കിട്ടിത്തുടങ്ങി എന്ന് പലതവണ മന്ത്രിസഭാ ഉപസമിതി അംഗങ്ങൾ പറഞ്ഞിരുന്നുവെങ്കിലും, മൃതദേഹം തിരിച്ചറിഞ്ഞതായി വ്യക്തമാക്കിയിട്ടില്ല.
ബന്ധുക്കളുടെ സാമ്പിളുമായി ഒത്തു നോക്കിയുള്ള ഫലം വൈകുന്നു. കൂടുതൽ മൃതദേഹമോ ശരീരഭാഗങ്ങളോ കിട്ടിയ ചാലിയാർ തീരം, സൂചിപ്പാറ വനമേഖല എന്നിവിടങ്ങളിലും തെരച്ചിൽ നിർത്തി.
എന്നാൽ തിരച്ചിൽ നിർത്തിയെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുമില്ല. ചൂരൽ മലയിലെ വ്യാപാരസ്ഥാപനങ്ങൾ വൃത്തിയാക്കുന്നതാണ് ഇപ്പോൾ സജീവമായി നടക്കുന്നത്. അവർക്കുള്ള ഭക്ഷണം അടക്കം ഒരുക്കുന്നത് വ്യാപാരികൾ.
ആദ്യത്തെ രണ്ടാഴ്ച സജീവമായിരുന്ന മന്ത്രിസഭ ഉപസമിതിയിലെ അംഗങ്ങൾ ഓഗസ്റ്റ് 15ന് ശേഷം ജില്ലയിലെ ദുരന്തബാധിത പ്രദേശത്ത് എത്തിയിട്ടും ഇല്ല. താൽക്കാലിക പുനരധിവാസം ഇനിയും പൂർത്തിയാക്കാൻ ഉണ്ട്. സ്കൂളുകൾ തുറക്കാനും വൈകുന്നു. തീർപ്പും വേണ്ട ഒരുപാട് വിഷയങ്ങൾ അനന്തമായി നീളുകയാണ്.
അതേസമയം, വയനാട് മുണ്ടക്കൈയിലുണ്ടായ ദുരന്തത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരിൽ വീടുകളിലേക്ക് മടങ്ങുന്നവർക്ക് അടിയന്തര സാമ്പത്തിക സഹായം നൽകുമെന്ന് മുസ്ലീം ലീഗ് അറിയിച്ചു. ഒന്നര കോടി രൂപയുടെ ആവശ്യ വസ്തുക്കളുടെ സഹായം കളക്ഷൻ സെൻ്ററുകൾ വഴി ലീഗിന് ലഭിച്ചുവെന്ന് മുസ്ലിം ലീഗ് നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 27 കോടി രൂപയോളം രൂപ വയനാടിനായി സമാഹരിച്ചതായും ലീഗ് നേതാക്കൾ അറിയിച്ചു.
അടിയന്തര സാമ്പത്തിക സഹായമായി 15,000 രൂപ വീതം വെള്ളിയാഴ്ച മുതൽ ഓരോ കുടുംബത്തിനും നൽകും. 40 കച്ചവടക്കാർക്ക് 50,000 രൂപ വീതം നൽകും. സർക്കാർ പട്ടികയിൽ ഉള്ളവർക്ക് ആണ് ലീഗ് സഹായം നൽകുക. തൊഴിൽ മാർഗമായ ജീപ്പ് നഷ്ടപ്പെട്ടവർക്ക് ജീപ്പ് വാങ്ങി നൽകും, 100 വീടുകൾ നിർമിക്കും, 8 സെൻ്റ് സ്ഥലവും 1,000 സ്ക്വയർ ഫീറ്റ് വീടും, 691 കുടുംബങ്ങൾക്ക് തുകയും നൽകും. ദുരിത ബാധിത മേഖലയിൽ ഉള്ള ഉദ്യോഗാർത്ഥികൾക്ക് യുഎഇയിലെ വിവിധ കമ്പനികളിൽ തൊഴിൽ നൽകും. ഇതിനായി 55 അപേക്ഷകളിൽ നിന്ന് 48 പേരെ ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും നേതാക്കൾ അറിയിച്ചു.
ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം കാലതാമസമില്ലാതെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. 75 സർക്കാർ ക്വാർട്ടേഴ്സ് താമസ യോഗ്യമാക്കി, 83 കുടുംബത്തിന് ഇവിടെ താമസിക്കാം. 219 കുടുംബം ഇപ്പോഴും ക്യാമ്പിലാണ്. കൂടുതൽ വീടുകൾ കണ്ടെത്തി പുനരധിവാസം വേഗത്തിലാക്കുമെന്നും വിദഗ്ധരുമായും ജനപ്രതിനിധികളുമായി പുനരധിവാസ നടപടികൾ ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ദുരിത ബാധിതരായവരെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ബന്ധപ്പെട്ട എല്ലാവരുടെയും അഭിപ്രായങ്ങള്‍ ശേഖരിച്ച ശേഷമാണ്, പുനരധിവാസ പദ്ധതിക്ക് അന്തിമ രൂപം നല്‍കുക. ദുരന്ത ബാധിത മേഖലയില്‍ 729 കുടുംബങ്ങളായിരുന്നു ക്യാമ്പുകളില്‍ ഉണ്ടായിരുന്നത്. നിലവില്‍ 219 കുടുംബങ്ങളാണ് ക്യാമ്പുകളില്‍ കഴിയുന്നു. മറ്റുള്ളവര്‍ വാടക വീട് കണ്ടെത്തി അങ്ങോട്ടേക്കോ കുടുംബ വീടുകളിലേക്കോ മാറിയിട്ടുണ്ട്. ഇവര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച വാടക നല്‍കും.