വയനാട്: വയനാടിന്റെ യാത്രാദുരിതം പരിഹരിക്കാനുള്ള തുരങ്ക പാത നിർമാണത്തിന് ഇന്ന് തുടക്കം. കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിച്ച് നിര്‍മിക്കുന്ന ആനക്കാംപൊയില്‍-കള്ളാടി തുരങ്കപ്പാതയുടെ നിർമാണ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും. തുരങ്ക പാത പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ലഭിച്ച സാഹചര്യത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ താമശ്ശേരി ചുരം വഴിയുള്ള ദുരിത യാത്രയ്ക്ക് അറുതിയാകും.

കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാം പൊയില്‍ കള്ളാടി തുരങ്കപ്പാത യാഥാര്‍ത്ഥ്യമായാല്‍ സംസ്ഥാനത്തിന് മുന്നില്‍ വലിയ സാധ്യതകള്‍ തുറക്കുമെന്നാണ് വിലയിരുത്തല്‍. ഗതാഗതക്കുരുക്കുകൊണ്ട് വീര്‍പ്പുമുട്ടുന്ന താമരശ്ശേരി ചുമത്തിന് ബദല്‍പ്പാത എന്നത് പതിറ്റാണ്ടുകളായുള്ള ആവശ്യമാണ്. പലകാലങ്ങളിലായി നിര്‍ദേശങ്ങള്‍ പലത് വന്നെങ്കിലും ഒന്നും ഇതുവരെ യാഥാര്‍ത്ഥ്യമായില്ല.

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2006 ലാണ് തുരങ്കപാത എന്ന ആശയം ഉയരുന്നത്. 2020 തില്‍ ഭരണാനുമതി ലഭിച്ച ആനക്കാംപൊയില്‍ കള്ളാടി മേപ്പാടി തുരങ്കപാതയ്ക്ക് ഈ വര്‍ഷം ജൂണിലെനി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചത്. അപ്രോച്ച് റോഡ് ഉള്‍പ്പെടെ 8.73 കിലോ മീറ്ററാണ് പദ്ധതിയുടെ ദൈര്‍ഘ്യം. ഇതില്‍ കോഴിക്കോട് മറിപ്പുഴ മുതല്‍ വയനാട് മീനാക്ഷിപ്പാലം വരെ 8.11 കിലോമീറ്ററാണ് തുരങ്കം.

വയനാട്ടിൽ മേപ്പാടി-കള്ളാടി-ചൂരൽമല സ്റ്റേറ്റ് ഹൈവോയുമായിട്ടാണ് തുരങ്കപാതയെ ബന്ധിപ്പിക്കുന്നത്. മറിപ്പുഴ- മുത്തപ്പൻപുഴ- ആനക്കാംപൊയിൽ റോഡുമായാണ് തുരങ്കത്തിന്റെ കോഴിക്കോട് ഭാഗത്തെ മറിപ്പുഴയെ ബന്ധിപ്പിക്കുന്നത്. 2134 കോടി രൂപ ചെലവ് വരുന്ന പദ്ധതിയില്‍ ഇരുവഴഞ്ഞി പുഴക്ക് കുറുകെ രണ്ട് പ്രധാന പാലങ്ങളും മറ്റ് മൂന്ന് ചെറുപാലങ്ങളും ഉൾപ്പെടും. കിഫ്ബി ധനസഹായക്കോടെ പൊതുമരാമത്ത് വകുപ്പിനാണ് നിര്‍മ്മാണ ചുമതല. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനാണ് നടത്തിപ്പ് നിര്‍വഹണ ഏജന്‍സി.
