തൃശൂർ: വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് കാർ ഓടിച്ച് കയറ്റി തടഞ്ഞ യൂട്യൂബർക്കെതിരെ കേസെടുത്ത് പൊലീസ്.തൃശൂർ എളനാട് മാവുങ്കല്‍ വീട്ടില്‍ അനീഷ് എബ്രഹാമിനെതിരെയാണ് മണ്ണുത്തി പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രി മണ്ണുത്തി ബെെപാസ് ജംഗ്ഷന് സമീപത്ത് വച്ചാണ് സംഭവം നടന്നത്. പ്രിയങ്കയുടെ വാഹനവ്യൂഹം ഹോണടിച്ചതില്‍ പ്രകോപിതനായാണ് അനീഷ് കാർ വട്ടംവച്ച് തടഞ്ഞത്.
പാണക്കാട് സാദിഖലി തങ്ങളുടെ വസതിയില്‍ നടന്ന ഇഫ്താറില്‍ പങ്കെടുത്ത ശേഷം നെടുമ്ബാശ്ശേരി എയർപോർട്ടിലേക്ക് പോകുകയായിരുന്നു പ്രിയങ്ക ഗാന്ധി. യാത്രക്കിടെ വഴിയൊരുക്കാനായി പ്രിയങ്കയുടെ വാഹനവ്യൂഹം ഹോണടിച്ചു. ഇതോടെ പ്രകോപിതനായി യൂട്യൂബർകൂടിയായ അനീഷ് തന്റെ കാർ വാഹനവ്യൂഹത്തിന് മുന്നില്‍ വട്ടം വയ്ക്കുകയായിരുന്നു. ഉടനെ തന്നെ പൊലീസ് സംഘം പുറത്തിറങ്ങി ഇയാളുടെ കാർ കസ്റ്റഡിയിലെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വാഹനം മാറ്റാൻ ശ്രമിക്കുന്നതിനിടെ അനീഷ് പൊലീസിനോടും തട്ടിക്കയറി. താൻ ലക്ഷങ്ങള്‍ ഫോളോവേഴ്സുള്ള യൂട്യൂബർ ആണെന്നും തടയാൻ ശ്രമിക്കരുതെന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. പിന്നാലെ പൊലീസ് ബലമായി ഇയാളുടെ വാഹനം കസ്റ്റഡിയിലെടുത്തശേഷം യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതീവ സുരക്ഷയുള്ള വ്യക്തിയുടെ വാഹനവ്യൂഹത്തിന് നേരെ മനഃപുർവം ജീവന് അപകടം വരുത്തുന്നവിധം കാർ ഓടിച്ചുകയറ്റിയതിനാണ് അനീഷിനെതിരെ കേസെടുത്തിരിക്കുന്നത്. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള നേതാവാണ് പ്രിയങ്ക ഗാന്ധി. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും അനീഷിനെ ജാമ്യത്തില്‍ വിട്ടയച്ചെന്നും പൊലീസ് അറിയിച്ചു.