കൊച്ചി: വയനാട് ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ടൗണ്‍ഷിപ്പ് നിര്‍മിക്കാനായി സര്‍ക്കാര്‍ കണ്ടെത്തിയ എസ്റ്റേറ്റ് ഭൂമികള്‍ ഏറ്റെടുക്കാമെന്ന് ഹൈക്കോടതി. എസ്റ്റേറ്റ് ഭൂമികള്‍ ഏറ്റെടുക്കുന്നതിനെതിരെ ഉടമകള്‍ നൽകിയ ഹര്‍ജി തള്ളികൊണ്ടാണ് സര്‍ക്കാരിന് ആശ്വാസമാകുന്നതും ദുരന്തബാധിതര്‍ക്ക് പ്രതീക്ഷയുമാകുന്ന സുപ്രധാന വിധി ഹൈക്കോടതി പുറത്തിറക്കിയത്. എസ്റ്റേറ്റ് ഭൂമികള്‍ക്ക് നഷ്ടപരിഹാരം നൽകികൊണ്ട് ഏറ്റെടുക്കാമെന്നാണ് ഹൈക്കോടതി ഉത്തരവ്. ലാൻഡ് അക്വിസിഷൻ നിയമപ്രകാരം ഏറ്റെടുക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
നിയമപ്രകാരമുള്ള നഷ്ടപരിഹാരം എസ്റ്റേറ്റ് ഉടമകൾക്ക് നൽകണമെന്നും ടൗൺഷിപ്പ് ആയി എസ്റ്റേറ്റ് ഭൂമി അളന്നു തിട്ടപ്പെടുത്തുന്നതിന് സർക്കാരിന് വേണ്ട സഹായം ചെയ്തു കൊടുക്കണമെന്നും, നഷ്ടപരിഹാരത്തിൽ തർക്കം ഉണ്ടെങ്കിൽ എസ്റ്റേറ്റ് ഉടമകൾക്ക് നിയമനടപടികളുമായി മുന്നോട്ടുപോകാമെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനെതിരെ ഹാരിസൺ മലയാളം ലിമിറ്റഡ്, എൽസ്റ്റണുമാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. നാളെ മുതൽ സർക്കാരിനെ ഭൂമി അളന്നു തിട്ടപ്പെടുത്താമെന്നും ഇതിനുള്ള നടപടികള്‍ ആരംഭിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
അതേസമയം, ടൗണ്‍ഷിപ്പിന്‍റെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി സര്‍ക്കാര്‍ ആദ്യഘട്ടത്തിൽ പുറത്തിറക്കിയ കരട് പട്ടികയ്ക്കെതിരെ വ്യാപക പരാതി നിലനിൽക്കുന്നുണ്ട്. ഹൈക്കോടതി ഉത്തരവോടെ തുടര്‍ നടപടികള്‍ വേഗത്തിലാകുമെന്ന പ്രതീക്ഷയിലാണ് ദുരന്ത ബാധിതര്‍.