ദില്ലി: വിവിധ സംസ്ഥാനങ്ങളിലായി ഉയർന്ന സർക്കാർ ജീവനക്കാരനെന്ന പേരിൽ 50 ലേറെ വനിതകളെ വിവാഹ തട്ടിപ്പിലൂടെ വഞ്ചിച്ച 38കാരൻ പിടിയിൽ. മുഖീം അയൂബ് എന്ന 38കാരനാണ് അറസ്റ്റിലായത്. ഗുജറാത്ത് വഡോദര സ്വദേശിയാണ് ദില്ലിയിലെ റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടിയിലായത്.
മാട്രിമോണിയൽ സൈറ്റിലൂടെയായിരുന്നു തട്ടിപ്പ്. വിധവകളും വിവാഹ മോചിതരും ഉന്നത ഉദ്യോഗമുള്ളതുമായ വനിതകളേയാണ് ഇയാൾ വിവിധ മാട്രിമോണിയൽ സൈറ്റുകളിലൂടെ വിവാഹ തട്ടിപ്പിന് ഇരയാക്കിയത്. മാട്രിമോണിയൽ സൈറ്റുകളിലൂടെ പരിചയപ്പെട്ട് സ്ത്രീകളുമായി അടുപ്പത്തിലാവും പിന്നാലെ ഇരയുടെ വീട്ടിലെത്തി ബന്ധുക്കളുമായി വിവാഹത്തേക്കുറിച്ച് സജീവമായി ചർച്ചകൾ നടത്തും. ഇതിന് പിന്നാലെ വിവാഹം നടത്താനായി ഉയർന്ന ഹോട്ടലുകളും റിസോർട്ടുകളും ബുക്ക് ചെയ്യാനെന്ന പേരിൽ പണം വാങ്ങി മുങ്ങുന്നതായിരുന്നു ഇയാളുടെ രീതി. നിരവധി സൈറ്റുകളിലായി വിവിധ വ്യാജ പേരുകളിലായിരുന്നു ഇയാൾ മാട്രിമോണിയൽ അക്കൌണ്ട് കൈകാര്യം ചെയ്തിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2014ൽ വിവാഹിതനായ ഇയാൾക്ക് മൂന്ന് കുട്ടികളാണ് ഉള്ളത്. യുവതികളുമായി അടുപ്പത്തിലായ ശേഷം ആഡംബര വാച്ചുകളും മൊബൈൽ ഫോണുകളുമടക്കം സമ്മാനങ്ങളും ഇയാൾ തന്ത്രപരമായി യുവതികളിൽ നിന്ന് കൈക്കലാക്കിയിരുന്നു. അഭിഭാഷക അടക്കം ഉന്നത ഉദ്യോഗത്തിലുള്ളവരെയാണ് ഇയാൾ ലക്ഷ്യമിട്ടിരുന്നത്. പലരും നാണക്കേട് ഭയന്ന് പൊലീസിനെ സമീപിക്കാതിരുന്നതാണ് വലിയ രീതിയിലേക്ക് തട്ടിപ്പ് കടന്നതിന് പിന്നിലെന്നാണ് സൂചന.