തിമിംഗലങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി അവയെ വ്യക്തികളായി പരിഗണിക്കണമെന്ന ആവശ്യവുമായി പസിഫിക്കിലെ ഗോത്രനേതാക്കൾ രംഗത്ത്. പസിഫിക് സമുദ്രത്തിലെ വിവിധഭാഗങ്ങളിൽ നിന്നുള്ള തദ്ദേശീയ നേതാക്കളാണ് വകപുതംഗ മോവാന എന്ന പേരിൽ അറിയപ്പെടുന്ന ഈ ആഹ്വാനം ഉയർത്തിയിരിക്കുന്നത്. തിമിംഗലങ്ങളെ വ്യക്തികളായി പരിഗണിക്കണമെന്നും വ്യക്തികൾക്കുള്ള അവകാശങ്ങൾ തിമിംഗലങ്ങൾക്കും നൽകണമെന്നുമാണ് നേതാക്കൾ പറയുന്നത്.
ലോകത്തു പലതരം തിമിംഗലങ്ങളുണ്ട്. ബ്ലൂ വെയിൽ, സ്പേം, ഓർക്ക, ഹംബാക്ക് എന്നിവയൊക്കെയാണ് കൂട്ടത്തിൽ പ്രശസ്തമെങ്കിലും വേറെയും ഉപവിഭാഗങ്ങളുണ്ട്. ഇക്കൂട്ടത്തിലെ വമ്പൻമാരും ഭൂമിയിലെ തന്നെ ഏറ്റവും വലിയ ജീവികളുമായ നീലത്തിമിംഗലങ്ങൾ കനത്ത പ്രതിസന്ധി നേരിടുന്നുണ്ടെന്ന് കഴിഞ്ഞവർഷം പുറത്തിറങ്ങിയ ഒരു പഠനം വെളിവാക്കിയിരുന്നു. ഒരു നൂറ്റാണ്ടിനു മുൻപ് ഏകദേശം ഒരു ലക്ഷത്തോളം നീലത്തിമിംഗലങ്ങൾ സമുദ്രങ്ങളിൽ ഉണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞകാലങ്ങളിലായുള്ള തിമിംഗല വേട്ട, നിരുത്തരവാദപരമായ മത്സ്യബന്ധന രീതികൾ, സമുദ്രപരിസ്ഥിതിയുടെ നാശം എന്നിവ കാരണം ഇവയുടെ എണ്ണം വൻതോതിൽ ഇടിഞ്ഞതായാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഇത് മുൻനിർത്തിയാണ് തിമിംഗലങ്ങൾക്ക് വ്യക്തി പരിഗണന നൽകി സംരക്ഷണം ഉറപ്പാക്കണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വസ്തുക്കളുടെയും ജീവികളുടെയും സ്ഥലങ്ങളുടെയുമൊക്കെ സംരക്ഷണം ഉറപ്പാക്കുന്നതിനായി അവയെ വ്യക്തികളായി പരിഗണിക്കുന്ന സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. ന്യൂസീലാൻഡിലെ വാൻഗനൂയി നദിയെ മനുഷ്യനായാണ് കണക്കാക്കുന്നത്. നദിക്ക് എന്തെങ്കിലും തകരാറുണ്ടാക്കിയാൽ അത് ഒരു വ്യക്തിയെ ദ്രോഹിക്കുന്നതിനു തുല്യമായി പരിഗണിക്കും.
സ്പെയിനിലെ അരൂബയിൽ സ്ഥിതി ചെയ്യുന്ന യൂറോപ്പിലെ ഏറ്റവും വലിയ ഉപ്പുജല തടാകമായ സ്പാനിഷ് ലഗൂണിനും വ്യക്തി പരിഗണന നൽകിയിട്ടുണ്ട്. സ്പെയിനിലെ അധികൃതർ ഇത്തരത്തിൽ ഒരു പ്രത്യേകാധികാരം നദികൾക്ക് നൽകിയത് കഴിഞ്ഞകാലങ്ങളിൽ വലിയ വാർത്തയായിരുന്നു. ഇവിടെ മലിനീകരണം നടത്തുന്നവരെ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ കസ്റ്റഡിയിലെടുക്കാനും ശിക്ഷിക്കാനും ഈ പരിഗണന അവസരം നൽകുന്നുണ്ട്.
തിമിംഗലങ്ങൾക്ക് വ്യക്തിപരിഗണന നൽകുന്നതിലൂടെയും ഇത്തരം പ്രത്യേക സംരക്ഷണാധികാരങ്ങൾ നേടിയെടുക്കുകയാണ് ലക്ഷ്യം വെക്കുന്നത്. ചലനസ്വാതന്ത്ര്യം, ആരോഗ്യപരമായ അന്തരീക്ഷം, മനുഷ്യർക്കൊപ്പം തന്നെ സുരക്ഷിതമായി ജീവിക്കാനുള്ള അവകാശം എന്നിവ ഈ പരിഗണന ഇവർക്കു നൽകും.