കൊച്ചി: നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ദിലീപ് ശ്രമിച്ചതിന്റെ വിവരങ്ങള്‍ പുറത്ത്. ഒരു ഫോണിലെ 12 വ്യത്യസ്ത നമ്പരിലേക്കുള്ള വാട്ട്‌സ് ആപ്പ് ചാറ്റുകളാണ് നശിപ്പിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഇവരെല്ലാം നടി അക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട നിര്‍ണായക വ്യക്തികളാണ്. ജനുവരി 30 ന് ഉച്ചക്ക് ഒന്നരക്കും രണ്ടരക്കും ഇടയിലാണ് തെളിവുകള്‍ നശിപ്പിക്കപ്പെട്ടത്. ജനുവരി 31ന് ഫോണുകള്‍ കൈമാറാനായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്. ഇതിന് ഒരു ദിവസം മുമ്പാണ് തെളിവായേക്കുമെന്ന് കരുതുന്ന സന്ദേശങ്ങള്‍ ദിലീപ് നശിപ്പിച്ചത്.
നശിപ്പിച്ച ചാറ്റുകള്‍ വീണ്ടെടുക്കാന്‍ ഫൊറന്‍സിക് സയന്‍സ് ലാബിന്റെ സഹായം ക്രൈം ബ്രാഞ്ച് തേടിയിട്ടുണ്ട്. ഫോറന്‍സിക് റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം ക്രൈം ബ്രാഞ്ചിന് ലഭിച്ചേക്കുമെന്നാണ് വിവരം. മൊബൈല്‍ ഫോണുകളിലെ തെളിവുകള്‍ മുംബൈയിലെ ലാബില്‍ വെച്ച് നശിപ്പിച്ചതിന്റെ മിറര്‍ കോപ്പി ക്രൈം ബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു. മുംബൈയിലെ ലാബ് സിസ്റ്റം ഇന്ത്യാ ലിമിറ്റഡില്‍ നിന്നും ഫോണിലെ വിവരങ്ങള്‍ മറ്റൊരു ഹാര്‍ഡ് ഡിസ്‌കിലേക്ക് പകര്‍ത്തി. ഒരോ ഫയലും പരിശോധിച്ച് തെളിവുകള്‍ നശിപ്പിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലാബ് സ്വന്തം നിലയില്‍ തയ്യാറാക്കിയ ഫോണുകളുടെ ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ടും പൊലീസ് സംഘം ശേഖരിച്ചിട്ടുണ്ട്. കൊച്ചിയില്‍ നിന്ന് കൊറിയര്‍ വഴിയാണ് ലാബിലേക്ക് ഫോണുകള്‍ അയച്ചത്. ഇതിന്റെ രസീതും ലാബില്‍ നിന്ന് കിട്ടി. മുംബൈയില്‍ താമസിക്കുന്ന മലയാളി വിന്‍സെന്റ് ചൊവ്വല്ലുരാണ് ദിലീപിനും അഭിഭാഷകര്‍ക്കും ലാബ് പരിചയപ്പെടുത്തിയത്. മുന്‍ ആദായ നികുതി അസിസ്റ്റന്റ് കമ്മീഷണറായ വിന്‍സെന്റ് സിബിഐ കുറ്റപത്രം നല്‍കിയ അഴിമതി കേസിലെ പ്രതിയാണ്.